muslim league
മുന്നണിമാറ്റം ചിന്തിച്ചിട്ട് പോലുമില്ല: പി എം എ സലാം
വഖ്ഫ് നിയമനത്തിനെതിരായുള്ള മുസ്ലിം ലീഗിന്റെ പ്രക്ഷോഭം തുടരുമെന്നും അടുത്ത നാലിന് കോഴിക്കോട് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സലാം പറഞ്ഞു.
മലപ്പുറം | മുസ്‌ലിം ലീഗ് യു ഡി എഫിലെ രണ്ടാം കക്ഷിയായണെന്നും ആ മുന്നണി വിടേണ്ട കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു. യു ഡി എഫില്‍ അതിശക്തമായി തുടരും. മാറിചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ല. ഞങ്ങള്‍ ആരോടും എല്‍ ഡി എഫില്‍ എടുക്കണമെന്ന് പറഞ്ഞ് സമീപ്പിച്ചിട്ടില്ല. അതിന്റെ ആവശ്യവുമില്ല. പിന്നെ എന്തിനാണ് ലീഗിനെ സഹകരിപ്പിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറയുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും പി എം എ സലാം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി പി എം പാര്‍ട്ടി സമ്മേളനത്തിന് പ്രചാരം ലഭിക്കുന്നതിനാണ് ലീഗിനെതിരെ സെക്രട്ടറി പ്രസ്താവന നടത്തുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ ശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. ഇവിടെ സി പി എമ്മിനെ എതിര്‍ക്കുന്നത് ഇവിടുത്തെ തെറ്റായ ഭരണ കാരണമാണെന്നും ദേശീയ തലത്തില്‍ ബി ജി പിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിക്കായി സി പി എം മുന്നോട്ട് വരണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.
വഖ്ഫ് നിയമനത്തിനെതിരായുള്ള മുസ്ലിം ലീഗിന്റെ പ്രക്ഷോഭം തുടരുമെന്നും അടുത്ത നാലിന് കോഴിക്കോട് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സലാം പറഞ്ഞു. റമസാന്‍ കഴിഞ്ഞാല്‍ ലീഗിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.