Connect with us

udf protest

ഇന്ധന സെസ്സ്: യു ഡി എഫ് രാപകല്‍ സമരം ഇന്ന് മുതൽ

സമരം തെരുവിലേക്ക് ആളിപ്പടര്‍ത്താനാണ് യു ഡി എഫിന്റെ നീക്കം.

Published

|

Last Updated

കൊച്ചി | സംസ്ഥാന ബജറ്റിനെതിരെ ജനരോഷം ഇളക്കിവിട്ട് പ്രതിപക്ഷം. രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമടക്കം പിന്‍വലിക്കില്ലെന്ന കടുംപിടിത്തവുമായി സര്‍ക്കാറും എല്‍ ഡി എഫും മുന്നോട്ടുപോകുന്നതിനെതിരെ വ്യാപക അമര്‍ഷം ഉയരുന്നതിനിടെ സമരം തെരുവിലേക്ക് ആളിപ്പടര്‍ത്താനാണ് യു ഡി എഫിന്റെ നീക്കം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യു ഡി എഫ് ഇന്നും നാളെയും രാപകല്‍ സമരവും നടത്തും.

നികുതി വര്‍ധനക്കെതിരെ പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ എല്‍ ഡി എഫ് പ്രതിരോധത്തിലായി. ഇന്ധന സെസ് ഒരു രൂപയെങ്കിലും കുറക്കണമെന്ന അഭിപ്രായം സി പി എമ്മും എല്‍ ഡി എഫും തുടക്കത്തില്‍ ഉയര്‍ത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി വഴങ്ങാതായതോടെ ഈ ആവശ്യം മയപ്പെടുത്തുകയായിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച ഈ മാസം മൂന്ന് മുതല്‍ സര്‍ക്കാറിനെതിരെ ജനവികാരം ഉയര്‍ന്നുതുടങ്ങിയിരുന്നു. ജനത്തെ പിഴിഞ്ഞുള്ള നികുതി പിരിവിനെതിരെ സി പി എം പ്രവര്‍ത്തകരും അനുഭാവികളും വരെ രഹസ്യമായി രംഗത്തെത്തി.

ജനരോഷം അടക്കാനായിരുന്നു ഇന്ധന സെസ് ഒരു രൂപയെങ്കിലും കുറക്കണമെന്ന നിര്‍ദേശം എല്‍ ഡി എഫും സി പി എമ്മും മുന്നോട്ടുവെച്ചത്. ഇതിനും സര്‍ക്കാര്‍ വഴങ്ങാതിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ കടുത്ത നിരാശയുളവാക്കിയിട്ടുണ്ട്. ഇതിനുപുറമെ ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പരസ്യ പ്രഖ്യാപനമില്ലാതെ വെള്ളക്കരം കുത്തനെ കൂട്ടിയതും എല്‍ ഡി എഫിന് കനത്ത തിരിച്ചടിയായി. സര്‍ക്കാര്‍ നീക്കം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കനത്ത തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

ബജറ്റ് ചര്‍ച്ചക്ക് തുടക്കം കുറിച്ച ദിവസം മുതല്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭാ കവാടത്തില്‍ ആരംഭിച്ച സത്യഗ്രഹം നികുതി നിര്‍ദേശത്തില്‍ ഭേദഗതി വരുത്താതെ സഭ പിരിഞ്ഞതോടെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 30 വരെ സഭ സമ്മേളിക്കുന്നതിനാല്‍ ഏപ്രില്‍ ഒന്നിന് മുമ്പ് ബജറ്റില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്താന്‍ സമയമുണ്ട്. ഇന്ധന സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ആദ്യവാരം മുതല്‍ ബസ് ഉടമകളും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കെട്ടിട നിര്‍മാണ തൊഴിലാളി സംഘടനകള്‍ എന്നിവരും സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുകയാണ്.

Latest