Connect with us

National

ഇന്ധന വില വര്‍ധന: കേന്ദ്ര സര്‍ക്കാറിന് എതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

മാര്‍ച്ച് 31ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തിയും ഡ്രം കൊട്ടിയും പ്രതിഷേധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു.

‘മെഹംഗായി മുക്ത് ഭാരത് അഭിയാന്‍’ എന്ന പേരില്‍ മൂന്നു ഘട്ടങ്ങളിലായാണ് പ്രതിഷേധ പരിപാടികള്‍ നടത്തുക. മാര്‍ച്ച് 31ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തിയും ഡ്രം കൊട്ടിയും പ്രതിഷേധിക്കും. കൊവിഡ് പോരാളികള്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം മുമ്പ് ബിജെപി നടത്തിയ പാത്രം കൊട്ടല്‍ പരിപാടിയുടെ ചുവടുപിടിച്ചാണ് പുതിയ പ്രതിഷേധ രീതി കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്നത്.

പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി അധികാരത്തിലേറിയതു മുതല്‍ രാജ്യം പിറകോട്ടാണ് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Latest