FUEL TAX
ഇന്ധന നികുതി: മോദിക്ക് മറുപടിയുമായി ധനമന്ത്രി
കേരളം കഴിഞ്ഞ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ലെന്നും സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ് പിരിവ് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ ഇന്ധനത്തിനുള്ള വാറ്റ് കുറക്കാത്തത് അനീതിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറ്റപ്പെടുത്തലിനെതിരെ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിയുടെ വാക്കുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തിന്റെ നികുതികളിലേക്ക് കേന്ദ്രം കടന്നുകയറുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
കേരളം കഴിഞ്ഞ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ലെന്നും സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ് പിരിവ് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർധിപ്പിക്കാത്ത കാര്യം എങ്ങനെയാണ് കുറക്കുകയെന്നും പ്രധാനമന്ത്രിയെ പോലുള്ളയാൾ രാഷ്ട്രീയം പറയരുതെന്നും മന്ത്രി തുറന്നടിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനത്തിന് വില ഇടിയുമ്പോഴെല്ലാം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതില്ലാത്ത സെസ് വര്‍ധിപ്പിക്കുന്ന നടപടിയാണ് കുറച്ച് കാലങ്ങളായി മോദി സര്‍ക്കാര്‍ നടത്തുന്നത്. തത്ഫലമായി ക്രൂഡ് ഓയിൽ വിലയിടിവിൻ്റെ ആനുകൂല്യം രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കില്ല. അതേസമയം, ക്രൂഡ് ഓയിൽ വില വർധിപ്പിച്ചാൽ രാജ്യത്തും ഇന്ധന വില വർധിപ്പിക്കും. ഈ വഞ്ചനക്കെതിരെ നേരത്തേയും സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
ഇന്ധന നികുതി കുറക്കാത്ത ബി ജെ പിയിതര സർക്കാറുകളെ മോദി ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളെ പേരെടുത്ത് അദ്ദേഹം വിമർശിച്ചിരുന്നു. ഇതിൻ്റെയടിസ്ഥാനത്തിലാണ് ബാലഗോപാലൻ്റെ മറുപടി.