Kerala
ഒളിവില്‍പ്പോയ വ്യാജ അഭിഭാഷക സെസി സേവ്യര്‍ കീഴടങ്ങി
രണ്ടുവര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്ന ഇവര്‍ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു
ആലപ്പുഴ | ഒളിവിലായിരുന്ന വ്യാജ അഭിഭാഷക സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വ്യാജ രേഖകള്‍ ഉപയോഗിച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതിനാണ് ആലപ്പുഴ രാമങ്കരി സ്വദേശിനിയായ സെസി സേവ്യറിനെതിരേ പോലീസ് കേസെടുത്തിരുന്നത്. നിയമബിരുദമില്ലാത്ത ഇവര്‍ മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പറിലായിരുന്നു അഭിഭാഷകയായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ടുവര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്ന ഇവര്‍ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു.
നിരവധി കേസുകളില്‍ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. ഇതിനിടെയാണ് സെസിക്ക് നിയമബിരുദമില്ലെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്നുമുള്ള അജ്ഞാത കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചത്. തുടര്‍ന്ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും സെസി ഒരു രേഖകളും നല്‍കിയില്ല. ഇതോടെ ബാര്‍ അസോസിയേഷനില്‍നിന്ന് സെസി സേവ്യറെ പുറത്താക്കി. ബാര്‍ അസോസിയേഷന്‍ തന്നെയാണ് സെസിക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.
വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് സെസി സേവ്യറിനെതിരേ കേസെടുത്തിരുന്നത്. ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തിയിരുന്നു. തുടര്‍ന്ന് സെസി മുങ്ങുകയായിരുന്നു