Educational News
ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേട്ടവുമായി ഡോ. മുഹമ്മദ് റോഷൻ നൂറാനി
മർകസ് വിദ്യാഭ്യാസ മാതൃകക്ക് ലഭിച്ച അംഗീകാരം:
കോഴിക്കോട് | ജാമിഅ മർകസ് വൈസ് റെക്ടറും ഗവേഷകനുമായ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് അമേരിക്ക-ഇന്ത്യ സർക്കാരുകൾ സംയുക്തമായി നൽകുന്ന നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ്. യു എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ സർക്കാരിന്റെ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്) ഏർപ്പെടുത്തിയ ഈ ഫെല്ലോഷിപ്പ് അന്താരാഷ്‌ട്ര അക്കാദമിക്ക് രംഗത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന ഗവേഷണ അവാർഡുകളിലൊന്നാണ്.
ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന സെലക്ഷൻ പ്രോസസിലൂടെയാണ് ഫെല്ലോഷിപ്പിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. ‘ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക ജ്ഞാനോൽപാദനത്തിന്റെ രീതിശാസ്ത്രവും പണ്ഡിതരും’ എന്ന പ്രൊജക്റ്റാണ് ഫെല്ലോഷിപ്പിന് അർഹത നേടിയത്. അമേരിക്കയിലെ പബ്ലിക്ക് ലാൻഡ് ഗ്രാൻഡ് റിസർച്ച് യൂണിവേഴ്‌സിറ്റികളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലീയിലാണ് റോഷൻ നൂറാനി 22 മാസത്തോളം ഗവേഷണം നടത്തുക.
മലപ്പുറം ആക്കോട് ചണ്ണയില്‍ പള്ളിയാളി ദാറുത്തഖ്‌വാ ഇസ്‌ലാമിക് കോംപ്ലക്സ് മദ്രസയിലും കക്കോവ് പി എം എസ് എ പി ടി എച്ച് എസ് എസിലുമായിരുന്നു പത്താം ക്ലാസ് വരെ മുഹമ്മദ് റോഷന്റെ പഠനം. ശേഷം കോഴിക്കോട് മർകസ് സ്ഥാപനങ്ങളുടെ എക്‌സലൻസ് സെന്ററായ പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ സമന്വയ വിദ്യാഭ്യാസ സിലബസ് അനുസരിച്ച് മതപഠനത്തോടൊപ്പം ഹയർസെക്കണ്ടറിയും സാമൂഹിക ശാസ്ത്രത്തിൽ ബിരുദവും പൂർത്തിയാക്കി. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ ശിക്ഷണത്തിലായിരുന്നു പഠനം.
കേരളത്തിലെ മുസ്‌ലിം സമൂഹത്തിൽ ഒട്ടേറെ വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും വളർത്തുന്നതിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സമന്വയ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. പരമ്പരാഗത മതപഠനവും ആധുനിക വിദ്യാഭ്യാസവും ഒരുമിച്ചു നൽകുന്ന ഇത്തരം സ്ഥാപനങ്ങളിലെ പഠനത്തിന് ശേഷം വലിയൊരുവിഭാഗം വിദ്യാർത്ഥികൾ കേന്ദ്ര സർവകലാശാലകളിലും വിദേശ യൂണിവേഴ്സിറ്റികളിലും മാസ്റ്റേഴ്സ്, റിസർച്ച് എന്നിവയിൽ പ്രവേശനം നേടുന്നു.
മർകസിലെ പഠനശേഷം ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്തു. യുജിസി നെറ്റ് യോഗ്യത നേടി 2014 ൽ ചെന്നൈ ഐ ഐ ടി യിൽ ഹ്യുമാനിറ്റീസ് ആൻ്റ് സോഷ്യൽ സയൻസിൽ ഗവേഷണത്തിന് ചേർന്നു. 2021 ൽ ‘മാപ്പിള മുസ്‌ലിംകൾക്കിടയിൽ പ്രവാചകൻ മുഹമ്മദ് നബിയോടുള്ള വൈകാരിക ബന്ധവും ആത്മീയ രീതിശാസ്ത്രവും’ എന്ന വിഷയത്തിൽ ഡോ. റോഷൻ പി എച്ച് ഡി ഗവേഷണം പൂർത്തിയാക്കി. ഇതിനിടെ തുർക്കി, അമേരിക്ക, മലേഷ്യ, രാജ്യത്തെ വിവിധ സർവകലാശാലകൾ എന്നിവിടങ്ങളിൽ നടന്ന അക്കാദമിക് സെമിനാറുകളിലും കോൺഫറൻസുകളിലും പേപ്പർ അവതരിപ്പിക്കുകയും വിവിധ അക്കാദമിക്-നോൺ അക്കാദമിക്ക് ജേർണലുകളിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. മതം, സാമൂഹിക ശാസ്ത്രം, പ്രാദേശിക സംസ്കാരങ്ങൾ, നരവംശശാസ്ത്രം, ഇസ്‌ലാമിൻ്റെ ബൗദ്ധിക ചരിത്രം, ദക്ഷിണേഷ്യയിലെ ഇസ്‌ലാം എന്നിവയാണ് താത്പര്യ മേഖലകൾ.
പരമ്പരാഗത-ആധുനിക വിദ്യാഭ്യാസങ്ങൾ ഒരുമിച്ച് നൽകുന്ന മർകസ് മോഡൽ വിദ്യാഭ്യാസത്തിന്റെ പൊരുൾ ഉൾവഹിക്കുന്ന പഠനങ്ങളാണ് മുഹമ്മദ് റോഷന്റെ പി എച്ച് ഡി ഗവേഷണവും ഇപ്പോൾ നേടിയ നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് പ്രോജെക്ടുമെല്ലാം. പരമ്പരാഗത മുസ്‌ലിംകൾക്കിടയിലെ സാമൂഹ്യഘടനയും അവയെ സ്വാധീനിക്കുന്ന പ്രാദേശികവും വൈദേശികവുമായ ഘടകങ്ങളും അവയിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ഇവയിൽ പ്രമേയമാവുന്നത്. വിശ്വാസവും ആത്മീയതയും പ്രവാചകസ്നേഹവുമെല്ലാം ഒരു ജനതയുടെ സ്വഭാവ രൂപീകരണത്തിലും ഇടപെടലുകളിലും എങ്ങനെയാണ് ഇടം നേടുന്നതെന്നും ഈ പഠനങ്ങളിൽ കാണാം.
സമന്വയ വിദ്യാഭ്യാസ രംഗത്ത് നവീന പദ്ധതികൾ ആവിഷ്കരിക്കുന്ന മർകസിന്റെയും മർകസ് നോളേജ് സിറ്റിയുടെയും ഇത്തരം പ്രോജക്ടുകളുടെ ഭാഗമായാണ് ഡോ. റോഷൻ ഇതുവരെ പ്രവർത്തിച്ചിരുന്നത്. മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ, മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സ്ഥാപക ഡയറക്ടർ എന്നിവ അതിൽ പ്രധാനമാണ്. സമന്വയ വിദ്യാഭ്യാസ രീതിയിൽ പഠിച്ച് സ്വന്തം സമൂഹത്തെ സംബന്ധിച്ച് ഇന്ത്യയിലെ ഉന്നത കലാലയത്തിൽ നിന്ന് പിഎച്ച്ഡി നേടി ഇപ്പോൾ ഫുൾബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് വരെ എത്തി നിൽക്കുമ്പോൾ അത് കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിനും സുന്നി പണ്ഡിതരുടെ പ്രവർത്തനത്തിനും ലഭിച്ച അംഗീകാരമാണ്.
മലപ്പുറം ആക്കോട് സ്വദേശിയാണ്. ചീരക്കോളില്‍ കോണത്ത് വീട്ടിൽ പരേതനായ അബൂബക്കര്‍ സി കെ യുടെയും സഫിയ എ വിയുടെയും മകനാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസിയുടെ മകൾ ഡോ. ഹാഫിസയാണ് പത്നി. മക്കൾ: ഹസന്‍ ഫാത്തിഹ്, ഹാത്തിം അബൂബക്കര്‍, ഹാമീം അംജദ്. സഹോദരങ്ങള്‍: മുഹമ്മദ് റിസ് വാന്‍ അദനി, മുഹമ്മദ് റംസാന്‍ നൂറാനി കാമില്‍ സഖാഫി, റിഷ സുമായ, ഫാത്തിമ റന്ന