First Gear
90 മിനിറ്റിൽ ഫുൾ ചാർജ്; 2 ഇ‐ബൈക്കുകളുമായി റിവോൾട്ട്
ആർവി വണ്ണിന് 84,990 രൂപയാണ് എക്സ്-ഷോറൂം വില
ന്യൂഡൽഹി | പുതിയ രണ്ട് ഇ‐ബൈക്കുകൾ റിവോൾട്ട് മോട്ടോഴ്‌സ് വിപണിയിൽ എത്തിച്ചു. ഇലക്ട്രിക് മോട്ടോർസൈക്കിൾ കമ്മ്യൂട്ടർ സെഗ്‌മെൻ്റിൽ റിവോൾട്ട് ആർവി1 (RV1), റിവോൾട്ട് ആർവി1 പ്ലസ് (RV1+) എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. RV1-ൽ 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 2.2 kWh ബാറ്ററിയും RV1+ ന് 160 കിലോമീറ്റർ വരെ കിട്ടുന്ന 3.24 kWh ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. 2.8 kW മിഡ് മൗണ്ട് മോട്ടോറാണ് കരുത്ത് പകരുന്നത്.
ആവി വണ്ണിന് എൽഇഡി ഹെഡ്‌ലൈറ്റുകളും 6 ഇഞ്ച് ഡിജിറ്റൽ എൽസിഡി ഡിസ്‌പ്ലേയുമുണ്ട്. ഇത് തത്സമയ റൈഡ് ഡാറ്റ നൽകുന്നു. രണ്ട് വേരിയൻ്റുകളിലും ബിൽറ്റ്-ഇൻ ചാർജർ സ്റ്റോറേജ് നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയിലാണ് ആർവി വൺ പ്ലസ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 90 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് വാഗ്‌ദാനം ചെയ്യുന്നു. 250 കിലോയാണ് വഹിക്കാവുന്ന ശേഷി. രണ്ടുപേർക്ക് സുഖമായി ഏത് കുന്നും താണ്ടാമെന്ന് ചുരുക്കം.
മെച്ചപ്പെട്ട ഗ്രിപ്പിനും സ്ഥിരതയ്ക്കും വേണ്ടി വിശാലമായ ടയറുകളാണ് നൽകിയിരിക്കുന്നത്. കോമ്പി ബ്രേക്കിംഗ്, റിവേഴ്സ് മോഡ്, മൾട്ടി റൈഡ് മോഡുകൾ, ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ എന്നിവ പ്രത്യേകതയാണ്. ഗ്രൗണ്ട് ക്ലിയറൻസും വീൽബേസും 180 മില്ലീമീറ്ററും 1350 മില്ലീമീറ്ററുമാണ്.
ആർവി വണ്ണിന് 84,990 രൂപയാണ് എക്സ്-ഷോറൂം വില. ആർവി വൺ പ്ലസിന് 99,990 രൂപയാണ് എക്സ്-ഷോറൂം വില. ബൈക്കിനും ബാറ്ററിക്കും 5 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വാറൻ്റിയും ചാർജറിന് രണ്ട് വർഷം വാറൻ്റിയും വാഗ്ദാനം ചെയ്യുന്നു.