Connect with us

Kerala

ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച; ഇന്ത്യ എറിഞ്ഞിട്ടത് ആറ് വിക്കറ്റുകള്‍

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വിന്റി 20യില്‍ 2.3 ഓവറില്‍ ആറ് വിക്കറ്റിന്റെ നേട്ടവുമായി ഇന്ത്യ .ഒന്‍പത് റണ്‍സെടുത്ത് നില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് ഇത്രയും വിക്കറ്റുകള്‍ നഷ്ടമായത്. ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റനും ഓപ്പണറുമായ തെംബാ ബാവുമ പൂജ്യത്തില്‍ മടങ്ങി. നാല് പന്താണ് താരം നേരിട്ടത്. തൊട്ടടുത്ത ഓവറില്‍ മൂന്ന് വിക്കറ്റുമായി അര്‍ഷ്ദീപ് സിംഗിന്റെ തേരോട്ടമായിരുന്നു. വിക്കറ്റ് കീപ്പറും മറ്റൊരു ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്ക് ഇന്‍സൈഡ് എഡ്ജില്‍ ബൗള്‍ഡായി. താരം നേടിയത് നാല് പന്തില്‍ 1 റണ്‍സ്. പിന്നാലെ റിലീ റൂസ്സോയും ഡേവിഡ് മില്ലറും അടുത്തടുത്ത പന്തുകള്‍ ഗോള്‍ഡന്‍ ഡക്കായി. വീണ്ടും ദീപക് ചാഹര്‍ പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്സ് അര്‍ഷ്ദീപിന്റെ ക്യാച്ചില്‍ അവസാനച്ചു. സ്റ്റബ്സും ഗോള്‍ഡന്‍ ഡക്കായിരുന്നു.

2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 10 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതായിരുന്നു ഇതിന് മുമ്പത്തെ ദക്ഷിണാഫ്രിക്കയുടെ വലിയ തകര്‍ച്ച. 2007ല്‍ തന്നെ ഇന്ത്യക്കെതിരെ 31 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. എന്നാല്‍ മുമ്പ് രണ്ട് തവണയും ടീം സ്കോര്‍ രണ്ടക്കം കടന്നെങ്കില്‍ കാര്യവട്ടത്ത് രണ്ടക്കം കടക്കും മുമ്പെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാര്‍ദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ഇന്ത്യന്‍ ടീമിലില്ല. ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമിലിടം നേടി.

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.
മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുന്നത് ആരാധകര്‍ക്ക് ആവേശമാകും.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്ക്‌ നാല് മണിക്ക് ശേഷം കാണികളെ  പ്രവേശിപ്പിച്ചുതുടങ്ങി.കര്‍ശന നിയന്ത്രണങ്ങളോടെയാണ് കാണികളെ പ്രവേശിപ്പിച്ചത്.

Latest