From the print
ഹജ്ജ് നടപടിക്രമങ്ങളിൽ കാതലായ മാറ്റങ്ങൾ
സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയും സമർപ്പിച്ച നിവേദനങ്ങൾ പരിഗണിച്ചായിരിക്കും മാറ്റങ്ങൾ.
കോഴിക്കോട് | അടുത്ത വർഷത്തെ ഹജ്ജ് നടപടിക്രമങ്ങളിൽ കാതലായ മാറ്റംവരുത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈയിൽ വിളിച്ചുചേർത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് പ്രതിനിധികളുടെ യോഗത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയും സമർപ്പിച്ച നിവേദനങ്ങൾ പരിഗണിച്ചായിരിക്കും മാറ്റങ്ങൾ.
ആവശ്യങ്ങൾ പരിഗണിച്ചുള്ള ഉത്തരവ് ഉടനെ വന്നേക്കും. പരിശോധനക്കു വേണ്ടി യഥാർഥ പാസ്സ്‌പോർട്ട് മുംബൈ ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് അയക്കേണ്ടതില്ല. പകരം യാത്രാ ഷെഡ്യൂളിന്റെ നിശ്ചിത സമയത്തിന് മുമ്പ് സമർപ്പിച്ചാൽ മതിയാകും. ഇത് പ്രവാസികൾക്ക് വലിയ ഗുണമാകും.
രേഖകൾ സമർപ്പിക്കുമ്പോൾ നിശ്ചിത മാതൃകയിലുള്ള ഡിക്ലറേഷൻ സമർപ്പിച്ചാൽ മതി. ഇത്തവണ ഹജ്ജ് വിസ നേരത്തേ സ്റ്റാമ്പ് ചെയ്യാനും കെട്ടിട, മുറി നമ്പറുകൾ യാത്രക്കു മുമ്പ് തന്നെ ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കും. 65 വയസ്സ് കഴിഞ്ഞ ഭർത്താവിനെ അനുഗമിക്കാൻ 60 കഴിഞ്ഞ ഭാര്യയെ അനുവദിച്ചുള്ള ഉത്തരവും ഇറങ്ങിയേക്കും.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി പി എസ് ബക്ഷി, സി ഇ ഒ ലിയാഖത്ത് അലി അഫാഖി, വിവിധ സംസ്ഥാന ഓഫീസ് പ്രതിനിധികൾ സംബന്ധിച്ചു. സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് മുതിർന്ന ഉദ്യോഗസ്ഥൻ പി കെ ഹസൈൻ പങ്കെടുത്തു.