Kerala
കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ ഖബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍
മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് ആവശ്യം
തൊടുപുഴ | ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹി(22)യുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം. അതേ സമയം കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് ആവശ്യം. സോളാര്‍ വേലി, ആര്‍ആര്‍ടി സംഘത്തിന്റെ സേവനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ നടപടി വേണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മരിച്ച അമറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും.
തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി യെ കാട്ടാന ആക്രമിച്ചത്. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരുക്കേറ്റു.