Connect with us

Health

പ്രതിരോധ മരുന്നുകളെ അതിജയിക്കുന്ന ഫംഗസ് അണുബാധകള്‍

2022ല്‍, ലോകാരോഗ്യ സംഘടന രോഗകാരണമാകുന്ന ഫംഗസ് ഇനങ്ങളുടെ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

Published

|

Last Updated

പ്രതിവര്‍ഷം ഏകദേശം അഞ്ച് ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു ആന്റിബയോട്ടിക് പ്രതിരോധ പ്രതിസന്ധിയുടെ നടുവിലാണ് ലോകം. എന്നാല്‍ ബാക്ടീരിയകള്‍ മാത്രമാണ് പ്രതിരോധ മരുന്നുകള്‍ക്കെതിരേ ശക്തി സമാഹരിച്ചു വളരുന്നതെന്ന ധാരണ ശരിയല്ലെന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്.

ചില ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഫംഗസ് അണുബാധകള്‍ നമ്മുടെ മരുന്നുകളുടെ പ്രതിരോധങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു ശക്തിപ്പെടുന്നുവെന്നതാണ്. ഇത് ഒരു ‘നിശബ്ദമായ പകര്‍ച്ചവ്യാധി ദുരന്തത്തിന് ‘ കാരണമായേക്കാമെന്നും, അതിനെതിരെ ആരോഗ്യമേഖല ജാഗരൂകരായി ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് ഈ ഗവേഷകരുടെ അഭിപ്രായം.

ഫംഗസ് രോഗാണുവിന്റെ ഭീഷണിയും പരാജയപ്പെടുന്ന ആന്റി ഫംഗല്‍ പ്രതിരോധവും വളര്‍ന്നുവരുന്ന ഒരു ആഗോള പ്രശ്നമാണെങ്കിലും, ആരോഗ്യമേഖല ഇതേക്കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്, ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മോളിക്യുലാര്‍ ബയോളജിസ്റ്റ് നോര്‍മന്‍ വാന്‍ റിജിന്‍ വിശദീകരിക്കുന്നു.

പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍, ഫംഗസ്, വൈറസ് മറ്റു പരാന്നഭോജികള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന ആന്റിമൈക്രോബയല്‍ പ്രതിരോധത്തെക്കുറിച്ച് ഈ സെപ്റ്റംബറില്‍, ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. ഈ ഇവന്റിന് മുന്നോടിയായി, വാന്‍ റിജിനും ഒപ്പം അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘവും ഗവണ്‍മെന്റുകളോടും ആരോഗ്യരംഗത്തെ ഗവേഷകരോടും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തോടും ഗൗരവമായ ഒരു അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ‘പ്രതിരോധ മരുന്നുകളെ അതിജീവിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ബാക്ടീരിയകള്‍ക്ക് അപ്പുറത്തേക്ക് നീട്ടണമെന്നതാണ് അത്.’

ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധയും പ്രവര്‍ത്തനവും ഇല്ലെങ്കില്‍, ഇതിനകം തന്നെ പ്രതിവര്‍ഷം 6.5 ദശലക്ഷത്തെ ബാധിക്കുകയും പ്രതിവര്‍ഷം 3.8 ദശലക്ഷം ജീവന്‍ അപഹരിക്കുകയും ചെയ്യുന്ന, മോശമായ ചില തരം മന്ന ഫംഗസ് അണുബാധകള്‍ കൂടുതല്‍ അപകടകരമായേക്കാം എന്നൊരു നിര്‍ദ്ദേശവും സംഘം പുറപ്പെടുവിച്ചിട്ടുണ്ട്. ലോക ആരോഗ്യപ്രവര്‍ത്തക സമൂഹം ബാക്ടീരിയയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കഴിഞ്ഞ ദശകങ്ങളിലെ പല മയക്കുമരുന്ന് പ്രതിരോധ പ്രശ്നങ്ങളും അധിനിവേശ ഫംഗസ് രോഗങ്ങളുടെ ഫലമാണ്, അവ സമൂഹവും സര്‍ക്കാരുകളും ഒരുപോലെ അംഗീകരിക്കുന്നില്ലെന്നതാണ് വിചിതം, ‘വാന്‍ റിജിനും സഹപ്രവര്‍ത്തകരും എഴുതുന്നു.

2022ല്‍, ലോകാരോഗ്യ സംഘടന രോഗകാരണമാകുന്ന ഫംഗസ് ഇനങ്ങളുടെ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അപകടകരമെന്ന് കരുതുന്ന രോഗകാരികളില്‍ അസ്പര്‍ജില്ലസ് ഫ്യൂമിഗാറ്റസ് എന്നയിനം ഫംഗസ് ഉള്‍പ്പെടുന്നു. ഇത് പൂപ്പലായി വന്ന് ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന മാരകമായ ഒരിനമാണ്. യീസ്റ്റ് അണുബാധയ്ക്ക് കാരണമായേക്കാവുന്ന കാന്‍ഡിഡ, യുറോജെനിറ്റല്‍ സിസ്റ്റത്തെയോ രക്തപ്രവാഹത്തെയോ ബാധിക്കുന്ന നകാസിയോമൈസസ് ഗ്ലാബ്രാറ്റസ്, ത്വക്ക്, മുടി, നഖം എന്നിവയെ ബാധിക്കാവുന്ന ട്രൈക്കോഫൈറ്റണ്‍ ഇന്‍ഡോട്ടിന എന്നിവയെല്ലാം ഈ പട്ടികയിലുണ്ട്. ഫംഗസ് ബാധ മരണകാരണമായി വരുന്നത് അത്യപൂര്‍വ്വ സംഭവമായാണ് മുമ്പ് പരിഗണിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ല.

രോഗപ്രതിരോധത്തില്‍ പരാജയപ്പെടുന്ന ആന്റിബയോട്ടിക്കുകളെക്കുറിച്ച് വളരെക്കാലം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇതേ ഭീഷണി നേരിടുന്ന ആന്റിഫംഗലുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെയില്ല. ചില ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനുള്ള ഒരു ആഗോള ഉടമ്പടിയും അതുപോലെ തന്നെ ഭക്ഷ്യസുരക്ഷയെ ആരോഗ്യവുമായി സന്തുലിതമാക്കുന്നതിനുള്ള സഹകരണ നിയന്ത്രണങ്ങളും കൂടി ഡോക്ടര്‍ വാന്‍ റിജിനും സംഘവും ശുപാര്‍ശ ചെയ്യുന്നുണ്ട്.