Kerala
കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം; ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉണ്ടയില്ലാ വെടിയെന്ന് കെ സുധാകരന്‍
സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് കേസില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ നിര്‍ജ്ജീവമായിരിക്കുന്നത്.
തിരുവനന്തപുരം | കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള മുഖ്യമന്ത്രിയുടെ ഉണ്ടയില്ലാ വെടി ആണെന്ന് കെ സുധാകരന്‍ എം പി. പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ പുറത്താണ് കൊടകര കുഴല്‍പ്പണ കേസ് ഫ്രീസ് ചെയ്തത്. ഇതിന്റെ പ്രയോജനം കിട്ടിയത് മുഖ്യമന്ത്രിക്കാണെന്നും സുധാകരന്‍ പറഞ്ഞു.
ഈ ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ നിരവധി കേസുകളില്‍ അന്വേഷണം നിലച്ചതും മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടതും.കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കേടത്ത്,മാസപ്പടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടത് ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണെന്നും സുധാകരന്‍ ആരോപിച്ചു.
സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് കേസില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ നിര്‍ജ്ജീവമായിരിക്കുന്നത്. കള്ളപ്പണയിടപാട് നടന്നെന്ന് ബോധ്യപ്പെട്ടിട്ടും ഇഡി കേസെടുക്കാത്തതും ഇതിനെതിരെ പിണറായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതും സിപിഎമ്മിന്റെയും ബിജെപിയുടെയും ഡീലിന്റെ ഭാഗമായാണെന്നും സുധാകരന്‍ പറഞ്ഞു.