From the print
ഫ്യൂച്ചർ കേരള സമ്മിറ്റ്: വിദ്യാഭ്യാസ കരിക്കുലത്തിന്റെ പൊളിച്ചെഴുത്തിലൂന്നി സംവാദം
പാഠ്യപദ്ധതിയുടെ ഘടനാപരമായ വൈകല്യത്താൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൊഴിഞ്ഞുപോകുന്നു
തൃശൂർ| മാറിവരുന്ന കാലത്തിനനുസൃതമായി സംസ്ഥാനത്തെ വിദ്യാഭ്യാസ കരിക്കുലം പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന ആവശ്യകതയിലൂന്നി സംവാദം. ആമ്പല്ലൂരിൽ നടക്കുന്ന എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായുള്ള ഫ്യൂച്ചർ കേരള സമ്മിറ്റിലാണ് വിദ്യാഭ്യാസ കരിക്കുലത്തെ സംബന്ധിച്ച് സംവാദം നടന്നത്.
കെ വി മനോജ്, ഡോ. അബ്ദുൽറൗഫ്, ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിലെ ഡോ. സഫീർ, ഡോ. മുഹമ്മദ് നിയാസ്, സക്കീർ അലി അരിമ്പ്ര എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്. കുട്ടികളുടെ ഭാവിജീവിതത്തിന് സഹായകരമാകുന്ന വിധത്തിൽ വിദ്യാഭ്യാസ കരിക്കുലത്തിൽ സമൂല പരിഷ്‌കരണം ഏർപ്പെടുത്തണമെന്ന പൊതുആവശ്യമാണ് സംവാദത്തിൽ ഉയർന്നത്. പൊതുവിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുന്ന പ്രവണത വർധിച്ചുവരാൻ പ്രധാന കാരണം നിലവിലുള്ള പാഠ്യപദ്ധതിയുടെ ഘടനാപരമായ വൈകല്യങ്ങളാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കുട്ടികൾ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പഠനമാണ് പുതിയ കാലത്ത് പ്രതീക്ഷിക്കുന്നത്. അധ്യാപകർ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ മനഃപാഠമാക്കി അത് പരീക്ഷക്ക് എഴുതി ജയിച്ചുവരുന്ന രീതിയിൽ മാറ്റം അനിവാര്യമാണ്. പുസ്തകത്തിൽ മാത്രം ഒതുക്കിക്കൊണ്ടുള്ള കരിക്കുലത്തിന് കുട്ടികളുടെ ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാൻ സാധ്യമല്ലെന്ന് ചർച്ചയിൽ പങ്കെടുത്ത കെ വി മനോജ് പറഞ്ഞു.
സോഷ്യൽ മീഡിയാ പ്രോട്ടോകോൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും ആവശ്യമാണെന്നായിരുന്നു ഡോ. അബ്ദുൽ റൗഫിന്റെ പക്ഷം. കടലും കാടും അടങ്ങുന്ന പ്രകൃതിയെ കുറിച്ചും വിഹ്വലമായ മനുഷ്യജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന കരിക്കുലമാണ് ഇന്നത്തെ കാലത്ത് ആവശ്യം. കീഴാള ജനതയുടെയും ഗോത്ര വർഗക്കാരുടെയും ജീവിതവും ഭാഷയും ചരിത്രവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന പാഠഭാഗങ്ങളും ഉൾപ്പെടുത്തണം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പാഠപുസ്തകങ്ങളിലെ വിഷയങ്ങൾ ചിട്ടപ്പെടുത്തണം. കുട്ടികൾക്ക് ഗ്രാഹ്യമാകാത്ത കാര്യങ്ങൾ കുത്തിനിറച്ച് പാഠപുസ്തകങ്ങൾ നിർമിക്കുന്ന രീതിയിൽ മാറ്റം വേണം. കുട്ടികൾക്ക് ആവശ്യമായ ഉള്ളടക്കമാണോ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത് എന്നതാണ് ഇന്നത്തെ ചിന്താവിഷയമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
ക്ലാസ്സ് മുറികളിൽ അധ്യാപകന്റെ റോൾ എന്താണെന്നതാണ് പ്രസക്തമായ ചോദ്യമെന്ന് ഡോ. അബ്ദുൽ റൗഫ് പറഞ്ഞു. ഇൻഫർമേഷനാണോ അറിവ് പകർന്നുനൽകുകയാണോ അധ്യാപകർ ചെയ്യുന്നത്. ഇൻഫർമേഷൻ ആണ് നൽകുന്നതെങ്കിൽ പുതിയ കാലത്ത് അതിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചക്ക് ശേഷം മനുഷ്യപ്പറ്റിന്റെ കരുതിവെപ്പുകൾ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. ദാഹർ മുഹമ്മദ്, ഡോ. നൂറുദ്ദീൻ റാസി, ഡോ. ഷാഹുൽ ഹമീദ് പങ്കെടുത്തു. തുടർന്ന് വൈറൽ സ്റ്റോറീസ്: ഉള്ളടക്കത്തിന്റെ സ്വാധീനം എന്നതിൽ പി ടി മുഹമ്മദ് സഖാഫി, ഇബാദുർ റഹ്മാൻ എന്നിവരും വർത്തമാനം: ഭൂമിയുടെ അവസ്ഥയും അവകാശികളും എന്നതിനെക്കുറിച്ച് കെ സഹദേവൻ, കെ വി സജീവ്, മുബഷീർ നൂറാനി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.