From the print
ഫ്യൂച്ചര്‍ കേരള സമ്മിറ്റ്: ഗതാഗത പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശി പാനല്‍ ചര്‍ച്ച
കേരളത്തിലെ പൊതുഗതാഗത രംഗം നേരിടുന്ന കാതലായ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഇന്നലെ നടന്ന ആദ്യസംവാദം
തൃശൂര്‍ | വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പൊതുനിരത്തുകളില്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന ഓര്‍മപ്പെടുത്തലുമായി ഫ്യൂച്ചര്‍ കേരള സമ്മിറ്റിന്റെ രണ്ടാം ദിന ചര്‍ച്ച. കേരളത്തിലെ പൊതുഗതാഗത രംഗം നേരിടുന്ന കാതലായ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഇന്നലെ നടന്ന ആദ്യസംവാദം.
സി പി ജോണ്‍, മുസ്തഫ പി എറയ്ക്കല്‍ എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്. വയനാട് ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും വാഹനാപകടത്തില്‍ മരണപ്പെട്ടതിന്റെ ദയനീയ ചിത്രം വരച്ചുകാട്ടിയാണ് സംവാദത്തിന് തുടക്കമിട്ടത്. അനാവശ്യമായ തിടുക്കവും ക്ഷമയില്ലായ്മയുമാണ് റോഡുകളില്‍ ജീവന്‍ പൊലിയാന്‍ ഇടയാക്കുന്നതെന്നും എങ്ങനെയാണ് റോഡില്‍ പെരുമാറേണ്ടതെന്ന കാര്യത്തില്‍ ധാരണയില്ലാത്ത സ്ഥിതിയാണുള്ളത്. എന്നാല്‍, ആവശ്യത്തിനുള്ള ക്ഷമയും ശാന്തമായ അന്തരീക്ഷവുമാണ് വിദേശത്ത് കാണാന്‍ കഴിയുന്നത്. സാമൂഹിക ജീവിതത്തില്‍ ക്ഷമയില്ലായ്മയുടെ ഇടങ്ങളില്‍ ഒന്നായി കേരളത്തിലെ പൊതുനിരത്തുകള്‍ മാറുകയാണെന്നും ജനാധിപത്യപരമായ സഞ്ചാര പാത രൂപപ്പെടേണ്ടതുണ്ടെന്നും സംവാദം ഓർമിപ്പിച്ചു.
ജനാധിപത്യം പുലരാത്ത സമൂഹത്തിന്റെ ലക്ഷണമാണ് കേരളത്തിലെ പൊതുനിരത്തുകളില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് സി പി ജോണ്‍ പറഞ്ഞു. വാഹനപെരുപ്പം അപകടത്തിന് കാരണമാകുന്നുണ്ടെങ്കിലും റോഡുകളിലെ ജനാധിപത്യ ബോധമില്ലായ്മ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന് പറയുമ്പോള്‍ തന്നെ നിയമത്തെക്കുറിച്ച് പരാതികളുയരുന്നുണ്ട്. നിയമങ്ങള്‍ അത് ഏതായാലും മനുഷ്യപക്ഷമായിരിക്കണം. ഒരു വലിയ അപകടം നടന്നതിന് ശേഷം നിയമത്തില്‍ മാറ്റം വരുത്താന്‍ നാം തയ്യാറാകുന്നു. ബസിന്റെ നിറം മാറ്റുന്നു, ബസുകളില്‍ സ്ത്രീകള്‍ക്ക് പിന്നിലൂടെ കയറാനുള്ള അനുവാദം നല്‍കുന്നു. അങ്ങനെ പോകുന്നു നിയമങ്ങള്‍. നിയമങ്ങള്‍ പലപ്പോഴും യുക്തിസഹജമല്ലാതാകുന്പോൾ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്ന ശീലത്തിലേക്ക് നമുക്ക് തിരിച്ചുവരാന്‍ സാധിക്കേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു.
തുടര്‍ന്ന് പ്രവാസം, പലായന സമൂഹം, പരിവര്‍ത്തന കാലം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പി കെ അനില്‍കുമാര്‍, ശരീഫ് കാരശ്ശേരി, ലുക്മാന്‍ വിളത്തൂര്‍ പങ്കെടുത്തു.