Kerala
ചിന്താ ജെറോമിന് എട്ടര ലക്ഷം ശമ്പള കുടിശ്ശിക അനുവദിച്ചു
മുന്‍ അധ്യക്ഷൻ ആര്‍ വി രാജേഷിനും ശമ്പള കുടിശിക നൽകേണ്ടിവന്നേക്കും
തിരുവനന്തപുരം | യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന് എട്ടര ലക്ഷം ശമ്പള കുടിശ്ശിക അനുവദിച്ച് ഉത്തരവായി. ശമ്പള കുടിശ്ശിക താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ വാദത്തെ പൊളിക്കുന്ന തരത്തിലാണ് ഉത്തരവ്.
ചിന്തയുടെ ആവശ്യപ്രകാരമാണ് ശമ്പള കുടിശ്ശിക നൽകുന്നത് എന്നാണ് ഉത്തരവിലുള്ളത്. പ്രതിമാസം 50,000 രൂപ വെച്ച് 17 മാസത്തെ ശമ്പള കുടിശ്ശികയാണ് ചിന്തക്ക് അനുവദിച്ചത്.
അതിനിടെ, മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍ വി രാജേഷിനും ലക്ഷങ്ങൾ ശമ്പള കുടിശിക നൽകേണ്ടിവന്നേക്കും. ഈ ആവശ്യവുമായി രാജേഷ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. യു ഡി എഫ് ഭരണകാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചത്. ഇതേതുടർന്ന് ആര്‍ വി രാജേഷ് ആദ്യ ചെയര്‍മാനായി. എന്നാൽ, ചെയര്‍മാൻ്റെ ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു. പിന്നീട് ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തുകയായിരുന്നു.
യു ഡി എഫ് സര്‍ക്കാരിൻ്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല.
2016ൽ ഇടതുസര്‍ക്കാറാണ് ചിന്താ ജെറോമിനെ അധ്യക്ഷയാക്കുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോള്‍ നിലവിലെ ചെയര്‍മാന് ബാധകമാകുന്ന വിധത്തിലാണ് തീരുമാനമുണ്ടായത്. ഇതാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. രാജേഷിനും അനുവദിക്കേണ്ടി വരുമോയെന്നാണ് അവശേഷിക്കുന്ന ആശങ്ക.