Kerala
ജി ആന്‍ഡ് ജി ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി
തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഗോപാലകൃഷ്ണന്‍, മകന്‍ ഗോവിന്ദ് എന്നിവരാണ് തിരുവല്ല ഡി വൈ എസ് പി മുമ്പാകെ കീഴടങ്ങിയത്.

പത്തനംതിട്ട | പുല്ലാട് ജി ആന്‍ഡ് ജി ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതികളായ തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഗോപാലകൃഷ്ണന്‍, മകന്‍ ഗോവിന്ദ് എന്നിവര്‍ തിരുവല്ല ഡി വൈ എസ് പി മുമ്പാകെ കീഴടങ്ങി. പ്രതികളെ കോയിപ്രം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
സ്ഥാപന ഉടമകളായ പിതാവും മകനും കീഴടങ്ങിയതറിഞ്ഞ് നിക്ഷേപകര്‍ കോയിപ്രം സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. പ്രതികളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ മുദ്രാവാക്യം വിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പോലീസ് ഇവരെ അനുനയിപ്പിച്ചു മാറ്റി നിര്‍ത്തി.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 137 കേസുകളാണ് പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. ഒളിവിലായിരുന്ന പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണനും മകന്‍ ഗോവിന്ദും കീഴടങ്ങിയത്. കേസില്‍ പ്രതികളായ ഗോപാലകൃഷ്ണന്റെ ഭാര്യ സിന്ധു ജി നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവര്‍ ഒളിവിലാണ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും നേരത്തെ നടത്തിയിരുന്നു. വീടും പുരയിടങ്ങളും മറ്റൊരു സ്വകാര്യ ബേങ്കിന് വിറ്റ ശേഷമാണ് പ്രതികള്‍ മുങ്ങിയത്.
പ്രതികളെ പിടികൂടുന്നതില്‍ പോലീസ് കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് നിക്ഷേപ സമരസമിതി കോയിപ്രം പോലീസ് സ്റ്റേഷന്‍ പടിക്കലും പുല്ലാട് ജങ്ഷനിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.