Connect with us

National

ജി.എന്‍. സായിബാബ ജയില്‍ മോചിതനായി

നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് അദ്ദേഹത്തെ പുറത്തുവിട്ടത്.

Published

|

Last Updated

മുംബൈ|ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍. സായിബാബ ജയില്‍ മോചിതനായി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രൊഫസര്‍ ജി.എന്‍. സായിബാബയെ ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ച് രണ്ട് ദിവസം മുമ്പ് കുറ്റവിമുക്തനാക്കിയിരുന്നു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് അദ്ദേഹത്തെ പുറത്തുവിട്ടത്. അപ്പീല്‍ സാധ്യത മുന്‍നിര്‍ത്തി 50,000 രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ തുക കെട്ടിവെച്ചിട്ടും സായിബാബയുടെ മോചനം ജയില്‍ അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച ഇ-മെയില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മോചനം വൈകിപ്പിച്ചത്.

വീല്‍ചെയറിലാണ് സായിബാബ ജയിലില്‍ നിന്ന് പുറത്തുവന്നത്. എന്റെ ആരോഗ്യം വളരെ മോശമാണ്. ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല. ആദ്യം ചികിത്സ തേടണമെന്നും അതിനുശേഷമേ സംസാരിക്കാന്‍ കഴിയൂവെന്നും സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സായിബാബയെ കാത്ത് ജയിലിന് പുറത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു.

അതേസമയം സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹരജി നല്‍കിയിട്ടുണ്ട്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് സായിബാബ അടക്കം ആറ് പ്രതികളെയും വെറുതെ വിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹരജി നല്‍കിയത്. സായിബാബയെ മോചിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

2017ലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ വകുപ്പുകള്‍ ചുമത്തി ജിഎന്‍ സായി ബാബ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഗച്ച് റോളിയിലെ വിചാരണ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2022 ഒക്ടോബറില്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ മോചനം വൈകി.

പിന്നാലെ കേസില്‍ മറ്റൊരു ബെഞ്ചില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വാദം കേട്ടത്. കേസില്‍ വാദം കേട്ട ബോംബെ ഹൈക്കോടതി സായിബാബയടക്കം അഞ്ചു പേരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ആറ് പ്രതികളിലൊരാള്‍ ജയിലില്‍ വച്ച് മരിച്ചിരുന്നു. 2022ല്‍ ഉണ്ടായതുപോലെ വിധിക്കെതിരെ ആരും അപ്പീല്‍ പോവില്ലെന്നാണ് പ്രതീക്ഷയെന്ന് ജിഎന്‍ സായിബാബയുടെ ഭാര്യ വസന്ത നേരത്തെ പ്രതികരിച്ചിരുന്നു.