Kerala
കെ പി സി സി വേദിയില്‍ ശശി തരൂരിനെ പരിഹസിച്ച് ജി സുധാകരന്‍
കേരളം കണ്ട നീതിമാനായ മന്ത്രിയായിരുന്നു ജി സുധാകരന്‍ എന്ന് വി ഡി സതീശന്റെ പുകഴ്തല്‍

തിരുവനന്തപുരം | സി പി എം സി പി ഐ നേതാക്കളെ തങ്ങളുടെ വേദിയില്‍ എത്തിച്ച് കെ പി സി സി. സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍, മുന്‍ മന്ത്രിയും സി പി ഐ നേതാവുമായി സി ദിവാകരന്‍ എന്നിവരാണ് കെ പി സി സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശ്രീനാരായണഗുരു- മഹാത്മാ ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി സെമിനാറില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ ജി സുധാകരന്‍ പരോക്ഷ പരിഹാസം നടത്തി. ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനല്ല വിശ്വപൗരനെന്നും അത്തരമൊരു വ്യക്തി ശമ്പളത്തിനും പദവിക്കും വേണ്ടി ജോലിയെടുക്കുന്ന ആളാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡര്‍ ആയാല്‍ വിശ്വപൗരന്‍ എന്നാണ് പറയുന്നതെന്നും അത് അംഗീകരിക്കാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു. ഗാന്ധിജി വിശ്വപൗരനാണ്. നെഹ്‌റുവും ടാഗോറും ഡോക്ടര്‍ രാധാകൃഷ്ണനും ഒക്കെ വിശ്വപൗരന്മാരായിരുന്നു.
പാര്‍ട്ടിയെപ്പറ്റി താന്‍ ഒരിക്കലും ആക്ഷേപം പറയില്ലെന്നും പറയുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഗാന്ധിജി സനാതനധര്‍മത്തില്‍ വിശ്വസിച്ചിരുന്ന ആളാണെന്നും സനാതനധര്‍മവുമായി ആര്‍ എസ് എസിന് യാതൊരു ബന്ധവുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. സനാതനധര്‍മം വേദങ്ങള്‍ക്കും മുന്‍പേയുള്ള കാഴ്ചപ്പാടാണെന്നും വേദിക് കാലഘട്ടത്തിലാണ് ചാതുര്‍വര്‍ണ്യം ഉണ്ടാകുന്നതെന്നും അദ്ദേഹം വിശദമാക്കി.
ജി സുധാകരനെ സ്വാഗത പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുകഴ്തി. കേരളം കണ്ട നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി സുധാകരന്‍ എന്നായിരുന്നു പരാമര്‍ശം