Connect with us

Kerala

പാര്‍ട്ടിക്കെതിരെ പരസ്യമായ അഭിപ്രായ പ്രകടനവുമായി ജി സുധാകരന്‍

കെ വി തോമസ്സിനും ലക്ഷങ്ങള്‍ നല്‍കുന്നതിനേയും പ്രായപരിധി ആവാറായിട്ടും ചിലര്‍ നേതൃത്വത്തില്‍ തുടരുന്നതിനേയും വിമര്‍ശിച്ചു

Published

|

Last Updated

ആലപ്പുഴ | പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പരസ്യമായ അഭിപ്രായ പ്രകടനവുമായി മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരന്‍. ചില നേതാക്കള്‍ പ്രായം മറച്ചു വച്ച് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 75 വയസ്സു പൂര്‍ത്തിയാവുമ്പോള്‍ കമ്മിറ്റികളില്‍ നിന്ന് ഒഴിയണമെന്നും അദ്ദേഹം തുറന്നടിച്ചു.

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെയും അദ്ദേഹം സംസാരിച്ചു. പഴയ കോണ്‍ഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നതെന്നും ഇതൊക്കെ കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോ എന്നും അദ്ദേഹം ചോദിച്ചു.

അയാള്‍ ഫ്‌ളൈറ്റില്‍ പോയി വരുന്നതിന് ചെലവുണ്ടാകും. മാസം 10 തവണ ഡല്‍ഹിയില്‍ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ? സുധാരകരന്‍ ചോദിച്ചു.
സി.പി.ഐ.എമ്മില്‍ ചില നേതാക്കള്‍ പ്രായ പരിധിയില്‍ മാസങ്ങളുടെ വ്യത്യാസത്തില്‍ പദവികളില്‍ തുടരുന്നവരുണ്ട്. രണ്ടോ മൂന്നോ മാസം വ്യത്യാസമുള്ളവര്‍ മൂന്ന് വര്‍ഷത്തോളം വീണ്ടും പദവിയില്‍ തുടരാനാവും. എപ്പോള്‍ 75 വയസ് കഴിയുന്നോ അപ്പോള്‍ പദവികളില്‍ നിന്ന് ഒഴിയണമെന്നും സുധാകരന്‍ പറഞ്ഞു.

ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്. എന്നാല്‍ അവരെല്ലാം തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇപ്പോഴും തുടരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് 78 വയസുവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തുടരാന്‍ സാധിക്കും. പക്ഷെ താന്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരിക്കെയാണ് 75 വയസെന്ന പ്രായപരിധിക്ക് മുന്നേ സ്ഥാനം ഒഴിഞ്ഞത്.

പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രി ആയാല്‍ സന്തോഷം മാത്രമാണുള്ളത്. പിണറായി തന്നെ ഭരിക്കണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതില്‍ ഒരു വിയോജിപ്പും തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

 

Latest