Kerala
ലീഗ് സെമിനാറില്‍ നിന്ന് ജി സുധാകരന്‍ പിന്‍മാറി
സി പി എം ജില്ലാ സമ്മേളനത്തില്‍ ജി സുധാകരനെ പൂര്‍ണമായി ഒഴിവാക്കിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സെമിനാറിലേക്കുള്ള ക്ഷണം
ആലപ്പുഴ | മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് അവസാന നിമിഷം സി പി എം നേതാവ് ജി സുധാകരന്‍ പിന്മാറി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെമിനാറില്‍ നിന്നുള്ള പിന്മാറ്റം.
ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. രമേശ് ചെന്നിത്തലയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. സി പി എം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു. സി പി എം ജില്ലാ സമ്മേളനത്തില്‍ ജി സുധാകരനെ പൂര്‍ണമായി ഒഴിവാക്കിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സെമിനാറിലേക്കുള്ള ക്ഷണം.
മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപ്പത്രത്തിന്റെ പ്രചാരണ പരിപാടി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തതു വിവാദമായിരുന്നു. സെമിനാറില്‍ പങ്കെടുക്കാമെന്നു ലീഗ് നേതാക്കളോട് സമ്മതം അറിയിച്ചിരുന്നെങ്കിലും പരിപാടിയില്‍ നിന്ന് അവസാന നിമിഷം ജി സുധാകരന്‍ പിന്മാറുകയായിരുന്നു.