G20 summit
ജി20: ആഗോള തലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തും- കാന്തപുരം
ക്ഷേമവും സമാധാനവും നിലനിൽക്കുന്ന ലോകക്രമം രൂപപ്പെടാൻ ഈ ഉച്ചകോടി നിദാനമാകട്ടെയെന്നും ഗ്രാൻഡ് മുഫ്തി ആശംസിച്ചു.
കോഴിക്കോട് | ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദ്. ജി 20 യുടെ അധ്യക്ഷപദം അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, പണപ്പെരുപ്പം തുടങ്ങിയ കാലം ആവശ്യപ്പെടുന്ന അടിയന്തര വിഷയങ്ങൾ ചർച്ചക്കെടുക്കുന്നത് പ്രശംസനീയമാണ്. ക്ഷേമവും സമാധാനവും നിലനിൽക്കുന്ന ലോകക്രമം രൂപപ്പെടാൻ ഈ ഉച്ചകോടി നിദാനമാകട്ടെയെന്നും ഗ്രാൻഡ് മുഫ്തി ആശംസിച്ചു. യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന ജി 20 ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ നിർദേശം ആഗോള സമാധാന ശ്രമങ്ങൾക്ക് ഊർജം നൽകും.
ഭീകരവാദം, സൈബർ സുരക്ഷ തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ ലോക ജനസംഖ്യയിലെ 65 ശതമാനം വരുന്ന ജി 20 രാജ്യങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾക്ക് സാധിക്കും. ജി-20 ഉച്ചകോടിയും ഏതാനും മാസങ്ങളായി 60 നഗരങ്ങളിൽ നടന്ന 220 അനുബന്ധ യോഗങ്ങളും ഭംഗിയായും ആസൂത്രിതമായും സംവിധാനിച്ച കേന്ദ്ര സർക്കാറും ഉദ്യോഗസ്ഥരും പ്രശംസ അർഹിക്കുന്നു- ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദ് പറഞ്ഞു.