Connect with us

National

ജി 20 ഉച്ചകോടിക്ക് സമാപനമായി; അധ്യക്ഷസ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി

ഉച്ചകോടിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ശിപാര്‍ശ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ സമാപനമായി. അടുത്ത ഉച്ചകോടിക്ക് വേദിയാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 അധ്യക്ഷസ്ഥാനം കൈമാറിയതോടെയാണ് രണ്ട് ദിവസം നീണ്ടുനിന്ന ഉച്ചകോടിക്ക് സമാപനമായത്. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ മോദിയില്‍ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റുവാങ്ങി. 2022 ഡിസംബര്‍ ഒന്നിന് ഇന്തോനേഷ്യയില്‍ നിന്നാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ഏറെ നിര്‍ണായകമായ ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഉച്ചകോടി വേദിയായിരുന്നു.

സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കള്‍ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു

ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി കൈമാറുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വളര്‍ന്നുവരുന്ന സമ്പദ്ഘടനകളെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയാക്കിയ ഇന്ത്യയേയും പ്രധാനമന്ത്രിയേയും അഭിനന്ദിക്കുന്നതായി ലുല ഡ സില്‍വയും അറിയിച്ചു. ഡിസംബര്‍ ഒന്നിനാകും ബ്രസീല്‍ ഔദ്യോഗികമായി അധ്യക്ഷപദവി ഏറ്റെടുക്കുക

ഉച്ചകോടിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ശിപാര്‍ശ ചെയ്തു. ലോകത്തിന്റെ പുതിയ യാഥാര്‍ഥങ്ങള്‍ പുതിയ ആഗോളഘടനയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്നും യു.എന്‍ ഉള്‍പ്പടെയുള്ള ആഗോള സംഘടനകള്‍ പരിഷ്‌കരിക്കപ്പെടണമെന്നും മോദി ആഹ്വാനം ചെയ്തു.സെപ്തംബര്‍ 9 ന് ന്യൂഡല്‍ഹിയിലെ പ്രകൃതി മൈതാനത്ത് ഒരുക്കിയ ഭാരത് മണ്ഡപം ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കണ്‍വെന്‍ഷന്‍ സെന്ററിലാണ് ജി20 നേതാക്കളുടെ ഉച്ചകോടിക്ക് തുടക്കമിട്ടത്