Connect with us

National

ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ ഉജ്ജ്വല സമാപനം; അധ്യക്ഷ പദവി ബ്രസീലിന് കൈമാറി

അടുത്ത വർഷം നടക്കുന്ന ജി20 ഉച്ചകോടിക്ക് ബ്രസീൽ ആതിഥേയത്വം വഹിക്കും. 

Published

|

Last Updated

ന്യൂഡൽഹി |  ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ അത്യുജ്ജ്വല സമാപനം. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക് പ്രധാനമന്ത്രി മോദി ജി20 അധ്യക്ഷ സ്ഥാനം കൈമാറി. ഇതോടെ ഉച്ചകോടിയുടെ സമാപനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത വർഷം നടക്കുന്ന ജി20 ഉച്ചകോടിക്ക് ബ്രസീൽ ആതിഥേയത്വം വഹിക്കും.

ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനോടൊപ്പം ലോകത്തെ സ്ഥാപനങ്ങളും മാറേണ്ടതുണ്ടെന്നും ഉച്ചകോടിയുടെ അവസാന സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. ബ്രസീൽ പ്രസിഡൻസിക്ക് കീഴിൽ ജി 20 യ്ക്ക് പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ഉച്ചകോടിയിൽ തീരുമാനിച്ച അജണ്ടയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി G20 ഫോറത്തിന്റെ ഒരു വെർച്വൽ സെഷൻ നവംബർ അവസാനത്തോടെ നടത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും പട്ടിണി കിടക്കുന്ന ഇന്നത്തെ ലോകത്ത് സമ്പത്തിൽ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ബ്രസീൽ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം സ്വീകരിച്ച ശേഷം പറഞ്ഞു. വരുമാനം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, ലിംഗഭേദം എന്നിവയിലെ അസമത്വത്തിന്റെ പ്രശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിലെത്തിയ ലോക നേതാക്കൾ ഇന്ന് രാവിലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടൊ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയിരുന്നു. രാജ്ഘട്ടിൽ പ്രധാനമന്ത്രി മോദി എല്ലാ നേതാക്കളെയും ഖാദി ഷാൾ അണിയിച്ച് സ്വീകരിച്ചു. രാജ്ഘട്ടിനെക്കുറിച്ചുള്ള വിവരങ്ങളും എല്ലാ നേതാക്കൾക്കും നൽകി. ഇതിനുശേഷം നേതാക്കളെല്ലാം ഭാരതമണ്ഡപത്തിലേക്ക് മടങ്ങി. മൂന്നാം സെഷന്റെ തുടക്കത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ബ്രസീൽ പ്രസിഡന്റ് ലുല ഡ-സിൽവയും പ്രധാനമന്ത്രി മോദിക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു.

ഒരു ഭാവി എന്ന വിഷയത്തിൽ നടക്കുന്ന ഉച്ചകോടിയുടെ മൂന്നാമത്തെയും അവസാനത്തെയും സെഷൻ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്നു.  ഉച്ചകോടിയുടെ ആദ്യദിനം പല വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. ജി20യുടെ ആദ്യ സംയുക്ത പ്രഖ്യാപനം പുറത്തുവന്നു. ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയ്ക്കിടയിലുള്ള വളരെ പ്രധാനപ്പെട്ട സാമ്പത്തിക ഇടനാഴിയിൽ ഒരു കരാർ ഉണ്ടാക്കി. ഇതിന് ശേഷം എല്ലാ അതിഥികളും രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു. നിരവധി അതിഥികൾ ഇന്ത്യയുടെ പരമ്പരാഗത വസ്ത്രധാരണത്തിലാണ് വിരുന്നിനെത്തിയത്.

നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും ഇന്ന് നടന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യാ സന്ദർശനത്തിന് ശേഷം വിയറ്റ്നാമിലേക്ക് തിരിച്ചു. രാവിലെ രാജ്ഘട്ടിൽ ബൈഡൻ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Latest