Connect with us

National

കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമെന്ന് ജി 23 നേതാക്കള്‍; കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

നേതൃ മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും ജി 23 നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിക്ക് പിറകെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാകുന്നു. ഡല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു. നേതൃ മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിലാണ്. ജി 23 എന്നാല്‍ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാര്‍ മുമ്പൊരിക്കല്‍ വിശദീകരിച്ചിരുന്നത്. മുന്‍ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എംപി വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, എം വീരപ്പമൊയ്‌ലി, പൃഥ്വിരാജ് ചൗഹാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങള്‍.

നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്റെ തീരുമാനം. നാണംകെട്ട തോല്‍വിയുടെ കാരണങ്ങള്‍ തേടി കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരുന്നു. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു ഇത്.

പഞ്ചാബ് കൂടി നഷ്ടപ്പെട്ടതോടെ ഇനി രണ്ടേ രണ്ട് സംസ്ഥാനങ്ങളിലാണ് ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രമെ കോണ്‍ഗ്രസ് അധികാരത്തിലുള്ളു. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയില്‍ തുടങ്ങി വെക്കുന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കുമെന്നാണ് സൂചന

Latest