Science
ഗഗൻയാൻ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; ആദ്യ ആളില്ലാത്ത ദൗത്യം ഡിസംബറിൽ
ആളില്ലാ ദൗത്യത്തിന് കരുത്തുറ്റ റോക്കറ്റ് ആയ എൽ വി എം3യുടെ പുതിയ പതിപ്പാകും ഉപയോഗിക്കുക.
ബംഗളൂരു | മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ മുന്നോടിയായി ആദ്യ ആളില്ലാ ദൗത്യം ഡിസംബറിൽ നടത്താൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ. ഗഗൻയാന് മുന്നോടിയായി മൂന്ന് ആളില്ല ദൗത്യം നടത്താനാണ് ഐഎസ്ആർ ലക്ഷ്യമിടുന്നത്. ഡിസംബറിൽ ഒന്ന് നടത്തിയാൽ അടുത്തവർഷം രണ്ടെണ്ണം കൂടി നടത്തും. പിന്നീടാണ് ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുള്ള ഗഗൻയാൻ പുറപ്പെടുക.
ആളില്ലാ ദൗത്യത്തിന് കരുത്തുറ്റ റോക്കറ്റ് ആയ എൽ വി എം3യുടെ പുതിയ പതിപ്പാകും ഉപയോഗിക്കുക. ഇതിൽ പേടകത്തെ ബഹിരാകാശത്ത് എത്തിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. 2025 ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് ഐഎസ്ആർഒ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആദ്യ ഗഗൻയാൻ മനുഷ്യ ദൗത്യത്തിൽ രണ്ട് സഞ്ചാരികളാണ് പരമാവധി ഉണ്ടാകുക. കന്നി ദൗത്യത്തിൽ ഒരു സഞ്ചാരിയെ മാത്രമയക്കുന്നതും പരിഗണനയിലാണ്. തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ ഒരാൾ ഗഗൻയാൻ യാത്രയ്ക്ക് മുമ്പ് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കും.