Kerala
സാമൂഹിക വിപ്ലവത്തിന് ആശയബലം ആര്‍ജിക്കുക : കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം
എസ് എസ് എഫ് അസംബ്ലേജ് ആരംഭിച്ചു
തൃശൂര്‍ | ബൗദ്ധിക വ്യവഹാരങ്ങളിലൂടെയും ആഴത്തിലുള്ള അന്വേഷണങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ ആശയബലം ആര്‍ജ്ജിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം . എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശ്ശൂര്‍ മഹമൂദിയ ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിച്ച അസംബ്ലേജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധ്യമായത്രയും ധൈഷണിക ശേഷി സാമൂഹിക വിപ്ലവത്തിന് വേണ്ടി പ്രയോഗിക്കുക. പ്രതിലോമ ശക്തികള്‍ തീര്‍ക്കുന്ന പ്രതിബന്ധങ്ങള്‍ സാമൂഹിക വിപ്ലവത്തിന് എന്നും കൂടുതല്‍ കരുത്ത് പകരുകയും നന്മയെ വെളിപ്പെടുത്തുകയുമാണ് ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തീക്ഷ്ണമായ വിചാരങ്ങളുടെ സെഷനുകള്‍ ക്രോഡീകരിച്ചാണ് മൂന്ന് ദിവസത്തെ അസംബ്ലേജ് സംവിധാനിച്ചിട്ടുള്ളത്. ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ക്യാമ്പിലെ പ്രതിനിധികള്‍.
ജ്ഞാന സമ്പാദനമാര്‍ഗങ്ങള്‍, വിദ്യാഭ്യാസ വിപ്ലവം, സാമൂഹിക സേവന സന്നദ്ധത, നവകാല സാങ്കേതിക വൈദഗ്ധ്യം തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് ജമാലുദ്ധീന്‍ അഹ്‌സനി, ഷഫീഖ് ബുഖാരി കാന്തപുരം, അബ്ദുള്ള ഫറോഖ്, അബൂബക്കര്‍ വെന്നിയൂര്‍, ഡോ. നൂറുദ്ധീന്‍ റാസി, സി എന്‍ ജാഫര്‍ സ്വാദിഖ്, ഹാമിദ് സഖാഫി പാലാഴി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി കെ ഫിര്‍ദൗസ് സഖാഫി, ജനറല്‍ സെക്രട്ടറി സി ആര്‍ കെ മുഹമ്മദ്, സെക്രട്ടറിമാരായ ഡോ. അബൂബക്കര്‍, എം സ്വാബിര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.