Connect with us

Qatar World Cup 2022

കളി കഴിഞ്ഞു, ഇനി വേഷങ്ങളഴിക്കാം

കളി മനസ്സിനെ ആനന്ദിപ്പിക്കുന്നു എന്നത് നേരാണ്. ആ ആനന്ദത്തിന്റെ സ്പോണ്‍സര്‍മാര്‍ മുതലാളിത്തമാണ്. അവര്‍ വിതക്കുന്നു, അവര്‍ കൊയ്യുന്നു. ആത്യന്തികമായി നമ്മളൊക്കെ മുതലാളിത്തത്തിന്റെ കരുക്കളാണ്. അവരുടെ ചെസ് ബോര്‍ഡില്‍ കുതിരയായും ആനയായും കാലാള്‍പ്പടയായുമൊക്കെ നിറയാനാണ് മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ നിയോഗം. ആ വേഷം നമ്മള്‍ ഈ നാളുകളില്‍ ഭംഗിയായി ആടിക്കഴിഞ്ഞു.

Published

|

Last Updated

ത്വറിലെ കളിമൈതാനങ്ങളൊഴിഞ്ഞു. കളിക്കാരും വിദേശങ്ങളില്‍ നിന്നെത്തിയ കാണികളും നാട് പിടിച്ചു. പക്ഷേ ഫാന്‍ഫൈറ്റിനും വിവാദങ്ങള്‍ക്കും ഇപ്പോഴും അയവുവന്നിട്ടില്ല. പെനാല്‍റ്റി കിട്ടിയില്ലായിരുന്നെങ്കില്‍ അര്‍ജന്റീന സെമി ഫൈനല്‍ പോലും കാണില്ലായിരുന്നുവെന്ന് ബ്രസീലിന്റെയും ഫ്രാന്‍സിന്റെയുമൊക്കെ ആരാധകര്‍. കളിച്ചുജയിക്കാന്‍ കഴിയാത്തവര്‍ ഇല്ലാവചനം പറഞ്ഞുകൊണ്ട് സ്വയം സമാധാനിക്കുകയാണെന്ന് അര്‍ജന്റീന ഫാന്‍സ്. സമ്മാനദാന വേളയില്‍ ലയണല്‍ മെസ്സിയെ ഖത്വര്‍ അമീര്‍ മേല്‍വസ്ത്രം (ബിഷ്ത്) അണിയിച്ചതില്‍ പൊറുതികേടുമായി യൂറോപ്യന്‍ മാധ്യമങ്ങള്‍ ഒരു ഭാഗത്ത്. മികച്ച സംഘാടനത്തിന്റെ പേരില്‍ ഫിഫയുടെയും നിഷ്പക്ഷ മാധ്യമങ്ങളുടെയും കൈയടി വാങ്ങിക്കുന്ന ഖത്വര്‍ മറുഭാഗത്ത്.
കുറ്റകൃത്യങ്ങളും തെരുവ് യുദ്ധങ്ങളുമില്ലാത്ത ലോകകപ്പ് സാധ്യമാക്കാമെന്ന് തെളിയിച്ചതിന് ഖത്വറിനോട് ഫുട്‌ബോള്‍ പ്രേമികള്‍ കടപ്പെട്ടിരിക്കുന്നു. ഖത്വര്‍ എന്ന കൊച്ചുരാജ്യം ഭൂഗോളത്തോളം വലുതായ ഒരു മാസമാണ് കഴിഞ്ഞുപോയത്. ലോകം കാല്‍പന്തിലേക്ക് ചുരുങ്ങിപ്പോയ നാളുകളില്‍ ഖത്വര്‍ ഭൂഖണ്ഡങ്ങളിലേക്ക് വികസിച്ചു. ഖത്വര്‍ സ്വയമേ ഒരു ലോകമായി മാറി എന്നും പറയാം. അവിടെ ഓരോ ശ്വാസനിശ്വാസങ്ങളിലും ഒരു പേര് നിറഞ്ഞുനിന്നു: ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഫുട്‌ബോളിന് കീര്‍ത്തികേട്ട നാടല്ല ഖത്വര്‍. അവിടെയൊരു ദേശീയ ടീം രൂപപ്പെട്ടുവന്നിട്ടുതന്നെ ഏറെക്കാലമായിട്ടില്ല. പക്ഷേ ഫുട്‌ബോളിന്റെ ലോകചരിത്രത്തില്‍ ഇനി ഖത്വറുണ്ടാകും. കളിക്കളത്തിലെ ഖത്വര്‍ താരങ്ങളുടെ മികവിന്റെ പേരിലല്ല, എക്കാലത്തെയും മികച്ച ലോകകപ്പ് സംഘാടനത്തിന്റെ പേരില്‍.

ഖത്വറിലേക്ക് ലോകകപ്പ് ഫുട്‌ബോള്‍ വരുന്നു എന്നറിഞ്ഞത് മുതല്‍ അസ്വസ്ഥമായിരുന്നു യൂറോപ്പും അവരുടെ മാധ്യമങ്ങളും. അത് അസ്വസ്ഥത മാത്രമായി ഒടുങ്ങിയില്ല, വംശീയ യുദ്ധമായി പരിണമിച്ചു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന ചൊല്ലിനെ അന്വര്‍ഥമാക്കിക്കൊണ്ട് അവര്‍ ഖത്വറിനു മേല്‍ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. മുന്‍കാലങ്ങളില്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഒരു രാജ്യവും നേരിടേണ്ടി വന്നിട്ടില്ലാത്ത ഓഡിറ്റിംഗിനും വിചാരണക്കും ഖത്വര്‍ നിന്നുകൊടുക്കേണ്ടിവന്നു. എന്നിട്ടും തീര്‍ന്നിട്ടില്ലാത്ത അരിശമാണ് ബിഷ്തിന്റെ പേരില്‍ കെട്ടഴിച്ചുവിട്ട വിവാദം. ഖത്വര്‍ അമീര്‍ എന്തോ പാതകം ചെയ്‌തെന്ന മട്ടില്‍ പടച്ചുണ്ടാക്കിയ ആ വിവാദത്തില്‍ ഉള്ളടങ്ങിയത് ലയണല്‍ മെസ്സിയോടുള്ള സ്‌നേഹമായിരുന്നില്ല, ഖത്വറിനോടുള്ള കലിപ്പായിരുന്നു. ലോകകപ്പിന് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം പെരുപ്പിച്ചു പറഞ്ഞും നിയമപരമായ നിയന്ത്രണങ്ങളുടെ പേരിലും ഖത്വറിനെ വളഞ്ഞിട്ടാക്രമിച്ചിട്ട് വീഴ്ത്താന്‍ കഴിയാത്തതിന്റെ ജാള്യം ബിഷ്ത് കൊണ്ട് യൂറോപ്പിന് മറച്ചുപിടിക്കാന്‍ കഴിയുമെങ്കില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അത് വകവെച്ചുനല്‍കണം. വീണുകിടക്കുന്നവരുടെ കൈപിടിക്കുന്നത് സുജനമര്യാദയാണ്!

വംശീയ വിദ്വേഷം യൂറോപ്പില്‍ നിന്ന് ലാറ്റിനമേരിക്കയിലേക്ക് പടര്‍ന്നത് മറ്റൊരു രൂപത്തിലാണ്. അര്‍ജന്റീനയുടെ വിക്ടറി പരേഡില്‍ ഫ്രഞ്ച് താരം എംബാപ്പെയുടെ മുഖമുള്ള പാവയുമായി ചുവടുവെച്ച അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഫുട്‌ബോളെന്നാല്‍ മൈതാനത്തെ പന്തിനു പിറകെയുള്ള പാച്ചില്‍ മാത്രമല്ലെന്ന് അടിവരയിട്ടു. കിലിയന്‍ എംബാപ്പെ അര്‍ജന്റീനയുടെ ഗോള്‍പോസ്റ്റിലേക്ക് തൊടുത്തുവിട്ട ആക്രമണത്തിന്റെ ഓര്‍മയില്‍ മാത്രമായിരിക്കില്ല മാര്‍ട്ടിനസ് ആ വൃത്തികേട് ചെയ്തത്. അത് കറുപ്പിനും വെളുപ്പിനുമിടയിലെ സൗന്ദര്യ ശാസ്ത്രത്തിന്റെ കസര്‍ത്തുകള്‍ കൊണ്ട് ശരിവെക്കാവുന്നതല്ല. തൊലിനിറം വെളുത്തവര്‍ക്ക് തൊലിനിറം കറുത്തവരോട് തോന്നുന്ന അസ്പൃശ്യതയുടെയും വെറുപ്പിന്റെയും പുറപ്പെട്ടുപോക്കാണ് ആ വിജയാഘോഷത്തില്‍ കണ്ടത്. ഫ്രഞ്ചുകാരൊക്കെ ഇത്ര കറുത്തവരായിരുന്നോ എന്ന് ടി ജി മോഹന്‍ദാസ് എന്ന ആര്‍ എസ് എസ് സൈദ്ധാന്തികന്‍ അതിശയപ്പെടുമ്പോള്‍ തികട്ടിവരുന്ന വംശീയ വെറിയുണ്ടല്ലോ, അതിന്റെ ലാറ്റിനമേരിക്കന്‍ ആവിഷ്‌കാരമാണ് ബ്യുണസ് ഐറസില്‍ കണ്ടത്. ഈ വംശീയ ഭ്രാന്തിനുള്ള മറുപടി സിംബാബ്്വെ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാബെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞുവെച്ചിട്ടുണ്ട്. “ബ്ലാക്ക് മണിയും ബ്ലാക്ക് ലിസ്റ്റും ബ്ലാക്ക് മാര്‍ക്കും നെഗറ്റീവ് അര്‍ഥം കൈയാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാന്‍ ആവുകയില്ല. പക്ഷേ, എന്റെ കറുത്ത ചന്തി ശുദ്ധിയാക്കാന്‍ വെളുത്ത ടോയിലെറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല’.
220 ബില്യണ്‍ ഡോളറാണ് ലോകകപ്പിന് വേണ്ടി ഖത്വര്‍ ചെലവിട്ടത്. പുതിയ സ്റ്റേഡിയങ്ങളുടെയും ലുസായ് സിറ്റി എന്ന പുതിയ നഗരത്തിന്റെയും നിര്‍മാണമുള്‍പ്പെടെ വലിയ തയ്യാറെടുപ്പുകളാണ് ഇതിനുവേണ്ടി നടത്തിയത്. 14 ലക്ഷം പേര്‍ കളി കാണാനെത്തി എന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഖത്വറിന്റെ വ്യാപാര മേഖലയിലും ടൂറിസം മേഖലയിലും ലോകകപ്പ് കുതിച്ചുചാട്ടം ഉണ്ടാക്കിയെങ്കിലും മുടക്കിയ പണം പൂര്‍ണമായും തിരിച്ചുകിട്ടുന്ന മത്സരമല്ല ഫിഫ വേള്‍ഡ് കപ്പ്. ഫിഫക്കാകട്ടെ ഈ കാലത്ത് പണം കുമിഞ്ഞുകൂടുന്നു. 2022ലെ ലോകകപ്പില്‍ ഫിഫയുടെ വരുമാനം 7.5 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 62,000 (അറുപത്തി രണ്ടായിരം) കോടി രൂപയുണ്ടാകും. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം, മാര്‍ക്കറ്റിംഗ് റൈറ്റ്സ്, ഹോസ്പിറ്റാലിറ്റി റൈറ്റ്സ്, ടിക്കറ്റ് വില്‍പ്പന, ലൈസന്‍സിംഗ് അവകാശങ്ങള്‍ തുടങ്ങി പലവഴികളില്‍ ഫിഫയുടെ പെട്ടി നിറയുന്നു. ഇത്തവണ 40,000 കോടി രൂപക്കാണത്രെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം വിറ്റത്.

ഇതില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കും ഇത് ലാഭക്കച്ചവടമാണ്. ആദ്യഘട്ടത്തില്‍ പുറത്തായാല്‍ പോലും സാമ്പത്തികമായി ടീമിന് മെച്ചമാണ്. ഗ്രൂപ് മത്സരത്തില്‍ തള്ളപ്പെട്ട ഓരോ ടീമിനും കിട്ടും ഒമ്പത് മില്യണ്‍ ഡോളര്‍ അഥവാ 74.5 കോടി രൂപ. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന ഓരോ ടീമിനും 140 കോടിയിലധികം രൂപ (17 മില്യണ്‍ ഡോളര്‍) കീശയില്‍ വീഴും. അപ്പോള്‍ പിന്നെ കപ്പടിക്കുന്ന ടീമിന്റെ കാര്യം പറയേണ്ടല്ലോ. ഇത്തവണ അര്‍ജന്റീന ടീം കൊണ്ടുപോയത് 347 കോടി രൂപയും (42 മില്യണ്‍ ഡോളര്‍) റണ്ണറപ്പായ ഫ്രാന്‍സിന് കിട്ടിയത് 248 കോടി രൂപയും (30 മില്യണ്‍ ഡോളര്‍) ആണ്. സഹസ്ര കോടികളുടെ മാമാങ്കമാണ് ഫിഫ വേള്‍ഡ് കപ്പ്. കളിയറിയാതെ ആട്ടം കാണുന്നവര്‍ ഫാന്‍ഫൈറ്റിന്റെ പേരില്‍ ലോകമെമ്പാടും പൊടിക്കുന്ന കോടികള്‍ അതിനു പുറമെയാണ്.

ഫുട്‌ബോള്‍ കളിയുടെ രാഷ്ട്രീയം കൂടി പറയാതെ ഈ ആഖ്യാനം പൂര്‍ണമാകില്ല. 1930ലെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലാണ്. അക്കാരണം കൊണ്ടുതന്നെ പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ ടീമിനെ കളിക്കാന്‍ വിട്ടില്ല. ഫുട്‌ബോളിനു മേലുള്ള യൂറോപ്പിന്റെ “വംശീയാധിപത്യം’ തകരുമെന്ന ഭയം അവരെ ബാധിച്ചിരുന്നു. അടുത്ത ലോകകപ്പ് നടന്നത് ഇറ്റലിയിലാണ്, 1934ല്‍. ആ മത്സരത്തിലേക്ക് ടീമിനെ വിടുന്നില്ലെന്ന് പ്രഖ്യാപിച്ച് നിങ്ങള്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കുമുണ്ട് അഭിമാനം എന്ന് യൂറോപ്പിന് മനസ്സിലാക്കിക്കൊടുത്തു ഉറുഗ്വേ. അവിടുന്നിങ്ങോട്ട് പലതരം രാഷ്ട്രീയ വാഗ്വാദങ്ങളുടെ കേന്ദ്ര ബിന്ദുവായി കാല്‍പ്പന്തും ലോകകപ്പ് ഫുട്‌ബോളും മാറി. 1948ല്‍ ഫലസ്തീനിനെ വെട്ടിമുറിച്ച് ഇസ്‌റാഈല്‍ രാജ്യം പിറന്നു. 1958ലെ ലോകകപ്പിലേക്ക് അവര്‍ക്ക് പ്രവേശനം നല്‍കിയതില്‍ പ്രതിഷേധിച്ച് തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത്, സുഡാന്‍ എന്നീ രാജ്യങ്ങള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കാനില്ലെന്ന് നിലപാടെടുത്തു. 1970ല്‍ ഇസ്‌റാഈലിനെച്ചൊല്ലി ദക്ഷിണ കൊറിയയും വട്ടമുടക്കി. ഇനിയുമുണ്ട് കളിച്ചരിതങ്ങള്‍. ഈ രാഷ്ട്രീയം കാണാതെ വെറും ആനന്ദമായി മാത്രം കളിയെ സമീപിക്കാന്‍ ചരിത്രബോധമുള്ളവര്‍ക്ക് കഴിയില്ല.

ആ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഇക്കഴിഞ്ഞ ദിവസം നമ്മള്‍ മലയാളികള്‍ അനുഭവിച്ചത്. ലോകകപ്പ് ഫുട്‌ബോളില്‍ നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസ്സോസിയേഷന്റെ ഔദ്യോഗിക ട്വീറ്റില്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചത് ഉത്തരേന്ത്യന്‍ പ്രൊഫൈലുകളെ വല്ലാതെ അലോസരപ്പെടുത്തി. യു പിയില്‍ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥ തന്നെ വിമര്‍ശനവുമായി രംഗത്തുവന്നു. കളിയെ ചിലര്‍ കളി മാത്രമായല്ല കാണുന്നത് എന്ന വസ്തുതയെ ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ അസഹിഷ്ണുത. അന്നം തരുന്ന ടീമുകളെല്ലാം പുറത്തായി എന്ന് സംഘ് പ്രൊഫൈലുകള്‍ പരിഹസിക്കുമ്പോഴും നമ്മളത് അറിയുകയാണ്. അവര്‍ ഈ നാളുകളില്‍ കളി കാണുകയായിരുന്നില്ല, കളിക്കാരുടെ മതം ചികയുകയായിരുന്നു. ഒരു കാര്യമുറപ്പാണ്, ഏത് കളിയിലും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ എങ്ങനെ വര്‍ഗീയമാക്കാം എന്ന് തലപുകക്കാന്‍ ഇക്കേരളത്തില്‍ പോലും ആളുകളുണ്ടായി! കളി മനുഷ്യരെ ഒന്നിപ്പിക്കുന്നു എന്നൊക്കെ അവകാശപ്പെടുമ്പോഴും അതുള്‍വഹിക്കുന്ന വംശീയ വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും മറയില്ലാതെ വെളിവാക്കപ്പെടുന്നുണ്ടായിരുന്നു ഈ ദിവസങ്ങളില്‍.

കളി മനസ്സിനെ ആനന്ദിപ്പിക്കുന്നു എന്നത് നേരാണ്. ആ ആനന്ദത്തിന്റെ സ്പോണ്‍സര്‍മാര്‍ മുതലാളിത്തമാണ്. അവര്‍ വിതക്കുന്നു, അവര്‍ കൊയ്യുന്നു. ഇതില്‍ കാഴ്ചക്കാര്‍ എന്നതിനപ്പുറത്തേക്ക് കളിഭ്രാന്തരായി ആളുകള്‍ വേഷപ്പകര്‍ച്ച നേടുന്നത് ഒട്ടും യാദൃച്ഛികമല്ല. ആത്യന്തികമായി നമ്മളൊക്കെ മുതലാളിത്തത്തിന്റെ കരുക്കളാണ്. അവരുടെ ചെസ് ബോര്‍ഡില്‍ കുതിരയായും ആനയായും കാലാള്‍പ്പടയായുമൊക്കെ നിറയാനാണ് മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെ നിയോഗം. ആ വേഷം നമ്മള്‍ ഈ നാളുകളില്‍ ഭംഗിയായി ആടിക്കഴിഞ്ഞു. ഇതുവരെ നമ്മള്‍ അര്‍ജന്റീന ആയിരുന്നു, പോര്‍ച്ചുഗല്‍ ആയിരുന്നു, ഫ്രാന്‍സ് ആയിരുന്നു, ബ്രസീലും ജര്‍മനിയും ക്രൊയേഷ്യയും ആയിരുന്നു. ഇനി നമുക്ക് ആ വേഷങ്ങള്‍ അഴിച്ചുവെക്കാം, നമുക്ക് നമ്മളാകാം.