National
ഗ്യാനേഷ് കുമാറും സുഖ്ബീര്‍ കുമാര്‍ സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതലയേറ്റു
ഗ്യാനേഷ് കുമാര്‍ കേരള കേഡറിലെയും സുഖ്ബീര്‍ കുമാര്‍ സന്ധു പഞ്ചാബ് കേഡറിലെയും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരാണ്
ന്യൂഡല്‍ഹി | ഗ്യാനേഷ് കുമാറും സുഖ്ബീര്‍ കുമാര്‍ സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഓഫീസിലെത്തിയാണ് ഇവര്‍ ചുമതലയേറ്റത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇവരെ ഓഫീസിലേക്ക് സ്വീകരിച്ചു.
ഗ്യാനേഷ് കുമാര്‍ കേരള കേഡറിലെയും സുഖ്ബീര്‍ കുമാര്‍ സന്ധു പഞ്ചാബ് കേഡറിലെയും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരാണ്. അരുണ്‍ ഗോയല്‍ കഴിഞ്ഞയാഴ്ച രാജി വെക്കുകയും അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ചെയ്ത ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചത്.
ഇന്നലെ ഉച്ചക്ക് ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. അതേ സമയം സമിതിയിലെ പ്രതിപക്ഷ പ്രതിനിധിയായ അധീര്‍ രഞ്ജന്‍ ചൗധരി അതൃപ്തി രേഖപ്പെടുത്തി.