Kerala
ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമെന്നും എല്ലാ ആചാരങ്ങള്‍ക്കും മൂല്യമുണ്ടെന്നും ഗണേഷ് കുമാർ
ഉദയനിധി സ്റ്റാലിന്‍ അച്ഛന്റെയും അപ്പൂപ്പന്റെയും മോനായിട്ട് വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ നിന്നു കളിച്ച് കയറി വന്നതല്ലെന്നും ഗണേഷ് പറഞ്ഞു
കൊല്ലം | സനാതന ധര്‍മത്തിനെതിരേ തമിഴ്നാട് മന്ത്രിയും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവനക്കെതിരെ കേരള കോൺഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതിന്റേതായ മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനാപരുത്ത് ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് ഗണേഷ്‌കുമാറിന്റെ പരാമര്‍ശം.
മറ്റ് മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും നമ്മള്‍ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണം. ഇത്തരം പ്രസ്താവനകളോട് യോജിക്കാനാവില്ല. ആരെങ്കിലും വിളിച്ചാല്‍ അവരെ സുഖിപ്പിക്കാന്‍ എന്തെങ്കിലും പറയുന്നത് ശരിയായ രീതിയല്ല.
അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അറിയാം. രാഷ്ട്രീയമറിയായിരിക്കാം. അച്ഛന്റെയും അപ്പൂപ്പന്റെയും മോനായിട്ട് വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ നിന്നു കളിച്ച് കയറി വന്നതല്ല. അപ്പോള്‍ അങ്ങനെയുള്ള അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നും ഇടതുമുന്നണിയിൽ അംഗമായ പാർട്ടി നേതാവായ ഗണേഷ് പറഞ്ഞു.