National
അക്രമിസംഘം എ എസ് ഐയെ കൊലപ്പെടുത്തി കുറ്റവാളിയെ മോചിപ്പിച്ചു
ഫുല്‍ക്കഹ സ്റ്റേഷനിലെ എ എസ് ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്

പട്‌ന | ബീഹാറില്‍ അക്രമിസംഘം എ എസ് ഐയെ കൊലപ്പെടുത്തി കുപ്രസിദ്ധ കുറ്റവാളിയെ മോചിപ്പിച്ചു. പോലീസ് സംഘത്തിനു നേരെയുണ്ടായ അക്രമണത്തില്‍ അരാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എ എസ് ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അന്‍മോള്‍ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്‌ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാള്‍ക്കു ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.
മയക്കുമരുന്ന് കടത്തുകാരന്‍ അന്‍മോള്‍ യാദവ് ലക്ഷ്മിപൂരിലെ ഒരു വിവാഹ ചടങ്ങില്‍ ഉണ്ടെന്ന് പുലര്‍ച്ചെ ഒരു മണിയോടെ പോലീസിന് വിവരം ലഭിച്ചതായി അരാരിയ എസ്പി അഞ്ജനി കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ഒരു സംഘം പോലീസുകാര്‍ റെയ്ഡ് നടത്തുകയായിരുന്നു. അന്‍മോള്‍ യാദവിനെ പിടികൂടിയപ്പോള്‍, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പോലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ, എ എസ് ഐയെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞു വീഴുകയുമായിരുന്നു.
എ എസ് ഐ യെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചെന്ന് ഫോര്‍ബെസ് ഗഞ്ച് ഡിഎസ്പി മുകേഷ് കുമാര്‍ സാഹ പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തില്‍ പങ്കുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.