National
ഗാംഗുലിക്ക് ഇനി ഇസഡ് കാറ്റഗറി സുരക്ഷ; പ്രഖ്യാപനവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
പുതിയ ക്രമീകരണ പ്രകാരം എട്ട് മുതല്‍ 10 വരെ പോലീസുകാര്‍ ഗാംഗുലിയുടെ സുരക്ഷക്കായി ഉണ്ടാവും.
കൊല്‍ക്കത്ത | ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബി സി സി ഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സുരക്ഷ ഉയര്‍ത്തി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഇനി മുതല്‍ ഗാംഗുലിക്ക് ലഭിക്കുക. നേരത്തെ വൈ കാറ്റഗറി സുരക്ഷയാണ് താരത്തിന് നല്‍കിയിരുന്നത്. തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗാംഗുലിക്ക് സുരക്ഷ വര്‍ധിപ്പിച്ചത്.
പുതിയ ക്രമീകരണ പ്രകാരം എട്ട് മുതല്‍ 10 വരെ പോലീസുകാര്‍ ഗാംഗുലിയുടെ സുരക്ഷക്കായി ഉണ്ടാവും. വൈ കാറ്റഗറിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ മൂന്ന് പോലീസുകാരാണ് സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരുന്നത്. ഇത്രയും എണ്ണം നിയമപാലകര്‍ താരത്തിന്റെ ബെഹാല വസതിയുടെ സുരക്ഷക്കായും ഏര്‍പ്പെടുത്തിയിരുന്നു.
‘നിലവില്‍ തന്റെ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ് ഗാംഗുലി. മെയ് 21 ന് അദ്ദേഹം കൊല്‍ക്കത്തയില്‍ തിരിച്ചെത്തും. ഈ ദിവസം മുതല്‍ തന്നെ താരത്തിന് ഇസഡ് കാറ്റഗറി സുരക്ഷ ലഭിച്ചു തുടങ്ങും.’- ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.