Connect with us

ganja case

ബി ജെ പി വിട്ട യുവാവില്‍ നിന്ന് കഞ്ചാവ് പിടിത്തം; ഏറ്റുമുട്ടി എക്‌സൈസും സി പി എമ്മും

കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തെന്ന് എക്‌സൈസ് ആവര്‍ത്തിച്ചു

Published

|

Last Updated

പത്തനംതിട്ട | ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയെന്ന എക്‌സൈസ് കേസ് ഗുഢാലോചനയാണെന്ന സി പി എം ആരോപണം എക്‌സൈസ് തള്ളി.

മൈലാടുംപാറ സ്വദേശിയായ യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തെന്ന് എക്‌സൈസ് ആവര്‍ത്തിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് യദുകൃഷ്ണനെ പിടികൂടിയത്. സംയുക്ത പരിശോധനയാണ് നടത്തിയത്. ബി ജെ പി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അസീസ് എന്ന ഉദ്യോഗസ്ഥനും സംഘത്തില്‍ ഉണ്ടായിരുന്നു. കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇന്‍സ്‌പെക്ടറാണെന്നും എക്‌സൈസ് വ്യക്തമാക്കി.

സംഭവുമായി ബന്ധപ്പെട്ട് എക്‌സൈസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. യുവമോര്‍ച്ച ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി കള്ളക്കേസ് എടുത്തുന്നായിരുന്നു സി പി എം ആരോപണം. യുവമോര്‍ച്ച നേതാവ് മാജിക് കണ്ണനും എക്‌സൈസ് ഓഫീസര്‍ അസീസും ആണ് ഗൂഢാലോചനക്ക് പിന്നിലെന്ന് സി പി എം ഏരിയ സെക്രട്ടറി എം വി സഞ്ജു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സൈസ് സി പി എം ആരോപണം തള്ളി രംഗത്തെത്തിയത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് ചൂണ്ടിക്കാട്ടി യദു കൃഷ്ണന്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനും അടക്കം 62 പേര്‍ സി പി എമ്മില്‍ ചേര്‍ന്നത്.

 

Latest