Kannur
ഇസ്റാഈൽ പോലീസിന് യൂനിഫോം നൽകുന്നത് നിർത്തി കണ്ണൂരിലെ വസ്ത്ര നിർമാണ കമ്പനി
സമാധാനം പുനഃസ്ഥാപിക്കാതെ ഓർഡർ സ്വീകരിക്കില്ല
കണ്ണൂർ| ഇസ്റാഈൽ പോലീസിന് യൂനിഫോം നൽകുന്നത് നിർത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിർമാണ കമ്പനി. സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ ഇസ്റാഈലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് യൂനിഫോം നിർമിച്ച് നൽകുന്ന വസ്ത്രനിർമാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു.
ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമിക വിയോജിപ്പുള്ളതിനാലാണ് തീരുമാനം. വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്റാഈൽ പോലീസിന് 2015 മുതൽ മരിയൻ അപ്പാരൽ യൂനിഫോം നൽകുന്നുണ്ടായിരുന്നു. പൂർണമായും എക്സ്പോർട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ഇസ്റാഈൽ പോലീസിനു മാത്രമല്ല ഫിലപ്പീൻ ആർമി, ഖത്വർ എയർഫോഴ്സ്, ഖത്വർ പോലീസ്, ബ്രിട്ടീഷ്- അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി ജീവനക്കാർ എന്നിവർക്കെല്ലാം യൂനിഫോം നൽകുന്നത് ഈ വസ്ത്ര നിർമാണ കമ്പനിയാണ്.
മലയാളിയായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനി 2008 മുതൽ കണ്ണൂർ കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന നിർമാണ യൂനിറ്റിലാണ് യൂനിഫോമുകളെല്ലാം നിർമിക്കുന്നതും പാക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ടീമും മരിയൻ അപ്പാരലിൽ ഉണ്ട്.
1,500ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. 50-70 കോടി രൂപ വാർഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡിൽ ഈസ്റ്റിലെ പല സ്‌കൂളുകൾക്കും യൂനിഫോമുകൾ, ആശുപത്രികളിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കുള്ള യൂനിഫോമുകൾ, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയർ ആൻഡ് റെസ്‌ക്യൂ വസ്ത്രങ്ങൾ, കോട്ടുകൾ തുടങ്ങിയവയും മരിയൻ ഉത്പാദിപ്പിക്കുന്നുണ്ട്.