National
ലുധിയാനയിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; ഒമ്പതുപേര്‍ മരിച്ചു
ദേഹാസ്വാസ്ഥ്യമുണ്ടായ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലുധിയാന | പഞ്ചാബില്‍ ലുധിയാനയിലെ ഗ്ലാസ്പുര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ വാതകം ചോര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലുത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് ഉപകരണത്തില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്നാണ് വിവരം. വാതകം ചോരാനുണ്ടായ കാരണം വ്യക്തമല്ല. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും സംഭവ സ്ഥലത്തുണ്ട്. ഡോക്ടര്‍മാരും ആംബുലന്‍സും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഫാക്ടറി പോലീസ് സീല്‍ ചെയ്തു.
ഇന്ന് രാവിലെ 7.15ഓടെയാണ് വാതക ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഫാക്ടറി പരിസരത്ത് താമസിക്കുന്നവര്‍ പുറത്തിറങ്ങാതെ വീടിനകത്ത് തന്നെ കഴിയുകയാണ്. ഫാക്ടറിക്ക് 300 മീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങളുണ്ടായി.
ദുരന്തത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ഇരകളായവരുടെ കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്‍ അറിയിച്ചു.