Kerala
മൊബൈല്‍ കവറേജിന്റെയും ഇന്റര്‍നെറ്റിന്റേയും പരിധിയില്‍ ഇനി ഗവിയും
ഗവിയിലെ ഒരു ചെറിയ ജനസമൂഹത്തിലെ കുഞ്ഞുങ്ങള്‍ക്ക് ആധുനിക ലോകത്തേക്കുള്ള ആദ്യപടിവാതില്‍ എന്നവണ്ണം ഇന്റര്‍നെറ്റിന്റെയും ടെലി കമ്മ്യൂണിക്കേഷന്റെയും നൂതന സാധ്യതകള്‍ തുറന്നു കൊടുത്തുകൊണ്ട് ബി എസ് എന്‍ എല്‍
പത്തനംതിട്ട | പെരിയാര്‍ കടുവാ സങ്കേതത്തിന് നടുവില്‍ വിനോദ സഞ്ചാരികളുടെയും ഗവി നിവാസികളുടെയും ചിരകാല സ്വപ്നമായ മൊബൈല്‍ കവറേജും, ഇന്റര്‍നെറ്റും യാഥാര്‍ത്ഥ്യമായി. ശ്രീലങ്കന്‍ വംശജരായ തമിഴരെ പുനരധിവസിപ്പിച്ച പ്രദേശമാണ് വിനോദസഞ്ചാരമേഖല കൂടിയായ ഗവി. നിലവില്‍ 127 കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ദിവസേനയുള്ള രണ്ട് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഒഴിച്ചാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പുറത്തു കടക്കുക എന്നത് വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളിലുള്ള ഗവി.
കേരളാ വനം വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാട്ടഭുമിയായ ഗവിയില്‍ ഏലതോട്ടമാണ് നിവാസികളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ കെ എസ് ഇ ബി യിലും, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലും, ശബരിമല തീര്‍ത്ഥാടന സമയത്ത് കൊച്ചുപമ്പയില്‍ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരും പ്രയാസം അനുഭവിച്ചിരുന്നു. ഗവിയിലെ ഒരു ചെറിയ ജനസമൂഹത്തിലെ കുഞ്ഞുങ്ങള്‍ക്ക് ആധുനിക ലോകത്തേക്കുള്ള ആദ്യപടിവാതില്‍ എന്നവണ്ണം ഇന്റര്‍നെറ്റിന്റെയും ടെലി കമ്മ്യൂണിക്കേഷന്റെയും നൂതന സാധ്യതകള്‍ തുറന്നു കൊടുത്തുകൊണ്ട് ബി എസ് എന്‍ എല്‍ 4 ജി മൊബൈല്‍ ടവര്‍ യഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ആന്റോ ആന്റണി എം പി പറഞ്ഞു. ബി എസ് എന്‍ എല്‍ പത്തനംതിട്ട ജനറല്‍ മാനേജര്‍ സാജു ജോര്‍ജ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.