GAVI TOURISM
പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകി ഗവി, ഇപ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു
തിരക്ക് ഒഴിഞ്ഞിരുന്ന കാനനപാതകള്‍ വീണ്ടും സജീവമായെങ്കിലും കാട്ടുമൃഗങ്ങള്‍ ഏറെയും ഉള്‍ക്കാടുകളിലേക്കു മടങ്ങിയിട്ടില്ലാത്തതിനാല്‍ സഞ്ചാരികള്‍ക്ക് അവയെ കാണുന്നതിന് സൗകര്യം ലഭിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ യാത്രയിലെ പ്രധാന ആകര്‍ഷണീയത
പത്തനംതിട്ട | കൊവിഡ് കാല നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു ലഭിച്ചതോടെ സഞ്ചാരികളുടെ ഇഷ്ടസഞ്ചാര സ്ഥലമായി ഗവി മാറി. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകി ഗവി ഇപ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ്. തിരക്ക് ഒഴിഞ്ഞിരുന്ന കാനനപാതകള്‍ വീണ്ടും സജീവമായെങ്കിലും കാട്ടുമൃഗങ്ങള്‍ ഏറെയും ഉള്‍ക്കാടുകളിലേക്കു മടങ്ങിയിട്ടില്ലാത്തതിനാല്‍ സഞ്ചാരികള്‍ക്ക് അവയെ കാണുന്നതിന് സൗകര്യം ലഭിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ യാത്രയിലെ പ്രധാന ആകര്‍ഷണീയത. മിക്കദിവസങ്ങളിലും മഴ കൂടി ആയതിനാല്‍ കാട്ടാനയും കാട്ടുപോത്തുമെല്ലാം കാനനപാതകളിലുണ്ട്. ഒപ്പം മാന്‍, കേഴ, മയില്‍, സിംഹവാലന്‍ കുരങ്ങ്, കരിമന്തി തുടങ്ങിയവയെയും അടുത്തു കാണാം.
കൊവിഡ് കാലത്ത് മാസങ്ങളോളം അടച്ചിട്ടിരുന്ന ടൂറിസം പാത തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് യാത്രയെന്നതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. കെ എസ് ആര്‍ ടി സിയുടെ രണ്ട് ബസുകള്‍ എല്ലാ ദിവസവും ഓടുന്നുണ്ട്. ഇതില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍കൂട്ടി യാത്രാനുമതി വേണ്ട. പത്തനംതിട്ടയില്‍ നിന്ന് ഗവി കുമളി ബസ് രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നുമാണ് പുറപ്പെടുന്നത്. കുമളിയില്‍ നിന്ന് ഗവി വഴി പത്തനംതിട്ടയിലേക്ക് പുലര്‍ച്ചെ 5.30നും ഉച്ചയ്ക്ക് 1.25നുമാണ് പുറപ്പെടുന്നത്.
ഓര്‍ഡിനറി ബസുകളിലൂടെ ഗവി യാത്ര ആസ്വദിച്ചു തന്നെ യാത്ര ചെയ്യാം. നാലു മണിക്കൂറും വനത്തിലൂടെയാണ് യാത്ര. കിളിയെറിഞ്ഞാന്‍കൊല്ല്, വേലുത്തോട്, മൂഴിയാര്‍, ചോരകക്കി, മൂഴിയാര്‍ 40 ഏക്കര്‍, പെന്‍സ്റ്റോക്ക് ക്രോസിങ്, കക്കി, ആനത്തോട്, പമ്പ, ഗവി, കുള്ളാര്‍, വള്ളക്കടവ് വഴിയാണ് യാത്ര. കാട്ടിലൂടെയുള്ള യാത്രയില്‍ ഒട്ടേറെ വ്യൂ പോയിന്റുകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. മൂഴിയാര്‍, പമ്പ, ആനത്തോട്, കക്കി, ഗവി, കുള്ളാര്‍, മീനാര്‍ തുടങ്ങിയ ഡാമുകള്‍ കടന്നുവേണം യാത്ര ചെയ്യാന്‍.
സ്വന്തം വാഹനങ്ങളിലെത്തുന്നവര്‍ക്കും പാക്കേജ് ടൂര്‍ പ്രോഗ്രാമിലെത്തുന്നവര്‍ക്കും ഗവി റൂട്ടിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സീതത്തോട്, ആങ്ങമൂഴി പ്രദേശവും ആസ്വദിക്കാം. കോട മഞ്ഞ് പുതച്ച് ഏറെ മനോഹാരിത തീര്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ രാവിലെയെത്തിയശേഷമാണ് ഗവി റൂട്ടിലേക്കു കടക്കാനാകുന്നത്. കഴിഞ്ഞ ദിവസം കയാക്കിങ് ട്രയല്‍ റണ്‍ നടന്ന ആങ്ങമൂഴി കൊച്ചാണ്ടി കിളിയെറിഞ്ഞാന്‍കല്ല് പ്രദേശം ഉള്‍പ്പെടെ സഞ്ചാര വഴികളിലാണ്. ഗവി ടൂറിസത്തിന്റെ ഭാഗമായി കിളിയെറിഞ്ഞാന്‍കൊല്ല് കയാക്കിങ് മാറും. നേരത്തെ സീതത്തോട് പഞ്ചായത്തിന്റെ മുന്‍കൈയ്യില്‍ കുട്ടവഞ്ചി സവാരിയും ക്രമീകരിച്ചിരുന്നു.