International
ഗസ്സ: ഇസ്റാഈൽ ആക്രമണത്തിൽ 16 മരണം
വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഖത്വർ

ഗസ്സ | ഗസ്സയിലുടനീളം ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇസ്റാഈലും ഹമാസും തമ്മിൽ പുതിയൊരു സമാധാന ഉടമ്പടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇന്നലെ പുലർച്ചെ മുതൽ നടത്തിയ ആക്രമണങ്ങളിലാണ് 16 ഫലസ്തീനികൾ കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ താത്കാലിക ടെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.
അതേസമയം, ഹെബ്രോണിന് തെക്ക്, അദ്ദാഹിരിയ നഗരത്തിന് കിഴക്കുള്ള സ്‌കൂൾ ഇസ്റാഈലി കൈയേറ്റക്കാർ നശിപ്പിച്ചതായി പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് വഫ റിപോർട്ട് ചെയ്തു. കുടിയേറ്റക്കാർ സ്‌കൂൾ നശിപ്പിക്കുന്നതിന് മുമ്പ് ഇരുമ്പ് വാതിലുകൾ, മരപ്പലകകൾ തുടങ്ങിയവ കൊള്ളയടിച്ചതായി സനൂത വില്ലേജ് കൗൺസിൽ മേധാവി ഫയസ് അൽ-താൽ ഫലസ്തീൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇസ്റാഈൽ കുടിയേറ്റക്കാർ നിരന്തരം ഗ്രാമം ആക്രമിക്കുകയും വീടുകൾ നശിപ്പിക്കുകയും ജനങ്ങളെ നിർബന്ധിച്ച് കുടിയിറക്കുകയും ചെയ്യുകയാണെന്നും വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഭൂമിയിൽ നിയമവിരുദ്ധമായാണ് ഇവർ താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് മാധ്യസ്ഥ്യം വഹിക്കുന്ന ഖത്വർ അറിയിച്ചു. വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം, പുനർനിർമാണം എന്നിവ കൈവരിക്കുന്ന സമഗ്രമായ കരാർ മധ്യസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ചതായി ഹമാസ് അറിയിച്ചു.
അതിനിടെ ഗസ്സയിലെ നിലവിലുള്ള സംഘർഷത്തെക്കുറിച്ചും സിറിയയിലെ സ്ഥിതിഗതികളെക്കുറിച്ചും ഇറാനും യു എസും തമ്മിലുള്ള ആണവ വിഷയത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ ദോഹയിൽ ഖത്വർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്‌മാൻ ബിൻ ജാസിം അൽതാനിയെ കണ്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് ഇത് മൂന്നാം തവണയാണ്. നേരിടുന്ന എല്ലാ തടസ്സങ്ങളും അവഗണിച്ച് വെടിനിർത്തലിനായുള്ള തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്ന് ഇരുവരും വ്യക്തമാക്കി.
ഹമാസും ഇസ്റാഈലും തമ്മിലുള്ള വെടിനിർത്തലിന്റെ അടുത്ത ഘട്ടത്തിലെത്താനുള്ള ചർച്ചകൾ ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് ഖത്വർ പ്രധാനമന്ത്രി പറഞ്ഞു. മൊസാദിന്റെ തലവൻ കഴിഞ്ഞ വ്യാഴാഴ്ച ഖത്വറിലെത്തിയിരുന്നുവെന്നും വെടിനിർത്തൽ കരാറിലെത്താൻ ശ്രമിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നതിന്റെ സൂചനകൾ അവർ നൽകിയതായും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ വെടിനിർത്തലിനപ്പുറം ഇസ്റാഈലുമായുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യമിടുന്ന കരാറിന് ഹമാസ് സന്നദ്ധരാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹകാൻ ഫിദാൻ പറഞ്ഞു. ഗസ്സയിൽ ഇസ്റാഈൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ ആശങ്കാകുലരാണെന്ന് ഇരുനേതാക്കളും അറിയിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51 പേർ കൊല്ലപ്പെട്ടതായും 115 പേർക്ക് പരുക്കേറ്റതായും ഗസ്സാ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കാണാതായ 697 പേർ കൂടി കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 18 മാസം മുമ്പ് ഗസ്സയിൽ ഇസ്റാഈൽ ആരംഭിച്ച വംശഹത്യയിൽ ഇതുവരെ 52,243 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 1,17,639 പേർക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.