From the print
ഗസ്സ; ഒരു വർഷം കൊല്ലപ്പെട്ടത് 174 മാധ്യമപ്രവർത്തകർ
ആഗോള ശരാശരിയുടെ ഇരട്ടി
റാമല്ല | ഒരു വർഷത്തിനിടെ ഗസ്സ മുനമ്പിൽ 174 മാധ്യമപ്രവർത്തകരെ ഇസ്റാഈൽ കൊലപ്പെടുത്തിയെന്ന് ഫലസ്തീനിയൻ ജേർണലിസ്റ്റ് സിൻഡിക്കേറ്റ് (എഫ് ജെ സി). ലോകത്താകെ പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ ശരാശരി എണ്ണം 82 ആണ്. ഇതിന്റെ ഇരട്ടിയിലധികമാണ് 2023 ഒക്ടോബർ മുതൽ ഗസ്സയിൽ മാത്രം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം. മാധ്യമ ചരിത്രത്തിലെ ഏറ്റവും വലുതും ഹീനവുമായ കൂട്ടക്കൊലയാണിത്. സത്യത്തിന്റെ സാക്ഷികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ഇസ്റാഈൽ കൊല്ലുന്നതെന്നും സിൻഡിക്കേറ്റ് ആരോപിച്ചു. അറബ് ലോകത്തെ ആദ്യ പത്രപ്രവർത്തക കൂട്ടായ്മയാണ് എഫ് ജെ സി.
ഇസ്റാഈൽ സൈനികർ കൊല്ലപ്പെട്ടു
അതിനിടെ, വടക്കൻ ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഇസ്റാഈൽ സൈനികർ കൂടി കൊല്ലപ്പെട്ടു. സ്റ്റാഫ് സെർജന്റ്റാങ്കിലുള്ള ഇതായി പരിസത് (20), യെർ ഹനന്യ (22) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ പ്രതിരോധ സേന അറിയിച്ചു. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്റാഈൽ സൈനികരുടെ എണ്ണം 370 ആയി. ഗസ്സയിൽ കഴിഞ്ഞ ദിവസം ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്.