Connect with us

International

ഗസ്സ: കുട്ടികളും സ്ത്രീകളുമടക്കം 29 പേർ കൊല്ലപ്പെട്ടു

14 കുട്ടികളുടെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയ വക്താവ് സാഹിറുൽ വാഹിദ് അറിയിച്ചു

Published

|

Last Updated

വ്യാഴാഴ്ച മുതൽ നടത്തിയ കനത്ത ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 112 കവിഞ്ഞു
ഗസ്സാ സിറ്റി | മുനമ്പിലുടനീളം ഇ സ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 29 ഫലസ്തീനികൾ കൊല്ലപ്പെട്ടു. മേഖലയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു തൂഫയിൽ ആക്രമണം നടത്തിയത്. 14 കുട്ടികളുടെയും അഞ്ച് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയ വക്താവ് സാഹിറുൽ വാഹിദ് അറിയിച്ചു. 70 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹമാസിന്റെ കമാൻഡ്, കൺട്രോ ൾ കേന്ദ്രത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈൽ സൈന്യം ന്യായീകരിച്ചു. സ്‌കൂളിനു നേരെ നടത്തിയ ആക്രമണം നിരപരാധികളായ സാധാരണക്കാരെ ക്രൂരമായി വംശഹത്യ ചെയ്യലാണെന്ന് ഹമാസ് ആരോപിച്ചു.
വ്യാഴാഴ്ച മുതൽ ഗസ്സാ മുനമ്പിലുടനീളം നടത്തിയ കനത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 112 കവിഞ്ഞു. ശുജയയിൽ വീടുകൾക്കുമേൽ ബോംബിട്ടതിനെ തുടർന്ന് 30ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അഹ്‌ലി ആശുപത്രി പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. തെക്ക്, പടിഞ്ഞാറൻ ഗസ്സയിലേക്ക് ഒഴിഞ്ഞുപോയില്ലെങ്കിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് അധിനിവേശ സേന വടക്കൻ ഗസ്സയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കൂട്ടക്കൊല. കാൽനടയായും മറ്റും പലായനം ചെയ്യുകയായിരുന്ന നിരവധി പേർ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപോർട്ട്. സുരക്ഷിതമായ ഇടം തേടി ഒരു കിലോമീറ്റർ താണ്ടാൻ താനും ഭാര്യയും മൂന്ന് മണിക്കൂർ നടന്നതായി 72കാരനായ മുഹമ്മദ് ഇർമന പറഞ്ഞു. ഹമാസുമായുള്ള വെടിനിർത്തൽ ഉടമ്പടി ഇസ്റാഈൽ അവസാനിപ്പിച്ച ശേഷം 2.80 ലക്ഷം ഫലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടതായി യു എൻ ഓഫീസ് അറിയിച്ചു.

മാർച്ച് 18ന് ഇസ്റാഈൽ വെടിനിർത്തൽ ലംഘിച്ചതിനു ശേഷം ഗസ്സയിൽ എല്ലാ ദിവസവും കുറഞ്ഞത് 100 ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു എൻ ആർ ഡബ്ല്യു എ മേധാവി പറഞ്ഞു.

അതിനിടെ, ഗസ്സയിൽ 15 മെഡിക്കൽ ജീവനക്കാരും അടിയന്തര ജീവനക്കാരും കൊല്ലപ്പെട്ട ആക്രമണത്തിൽ വ്യക്തമായി തിരിച്ചറിയാവുന്ന ആംബുലൻസുകൾക്ക് നേരെ ഇസ്റാഈൽ സൈന്യം വെടിയുതിർക്കുന്നതിന്റെ പുതിയ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പൂർണ അന്വേഷണം നടത്തുമെന്ന് സൈന്യം ആവർത്തിച്ചതായി ഇസ്റാഈൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

2023 ഒക്ടോബർ മുതൽ തുടരുന്ന വംശഹത്യയിൽ 50,669 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,15,225 പേർക്ക് പരുക്കേറ്റിട്ടുമുണ്ടെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ആയിരക്കണക്കിന് മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ 61,700 കവിയുമെന്നാണ് സർക്കാർ മാധ്യമ ഓഫീസ് പറയുന്നത്.

---- facebook comment plugin here -----

Latest