Connect with us

From the print

ഗസ്സ; ഒരു കിലോ ഉള്ളിക്ക് 70 ഡോളർ; വിശപ്പകറ്റാൻ റൊട്ടി മാത്രം

പോഷകാഹാരക്കുറവ് മൂലം ഇരുന്നൂറിലധികം കുട്ടികൾ മരണത്തിന്റെ വക്കിലെന്ന് ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ഗസ്സാ സിറ്റി | ഫലസ്തീനികൾ ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുന്ന ഗസ്സയിൽ, കഴിഞ്ഞ ദിവസം പോഷകാഹാരക്കുറവ് മൂലം മരിച്ചുവീണ മുസ്തഫ ഹിജാസിയെന്ന പതിനാലുകാരൻ ആ ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ നേർസാക്ഷ്യമാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ആഗോളതലത്തിൽ വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോഴും ഭക്ഷണമില്ലാതെ കുട്ടികൾ മരിച്ചു വീഴുന്നത് നിസ്സഹായരായി നോക്കിനിൽക്കുകയാണ് ഇവർ. ആക്രമണങ്ങൾക്കൊപ്പം ഉപരോധവും ഇസ്റാഈൽ ശക്തമാക്കിയതോടെ പോഷകാഹാര സാധനങ്ങളൊന്നും കഴിഞ്ഞ രണ്ട് മാസമായി ഗസ്സയിലെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
പോഷകാഹാരക്കുറവ് മൂലം ഇരുന്നൂറിലധികം കുട്ടികൾ മരണത്തിന്റെ വക്കിലാണെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് അൽ ജസീറ റിപോർട്ട് ചെയ്തു. ഗസ്സയിലെ പത്ത് കുട്ടികളിൽ ഒമ്പത് പേരും അനാരോഗ്യത്തിന്റെ വക്കിലാണെന്ന് യൂനിസെഫിന്റെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു.
ഞങ്ങൾ പട്ടിണിയിലാണ്, ലോകം ഞങ്ങളെ മറന്നിരിക്കുന്നുവെന്ന് എട്ട് മാസത്തിലേറെയായി ഇസ്റാഈൽ ബോംബാക്രമണം നടത്തിയിട്ടും പ്രദേശം വിട്ടുപോകാത്ത ഗസ്സാ സിറ്റിയിലെ ആറ് കുട്ടികളുടെ മാതാവ് പറഞ്ഞു. ഇസ്റാഈൽ ആക്രമണം രൂക്ഷമായി തുടരുന്ന വടക്കൻ ഗസ്സയിൽ ഫലസ്തീൻ കുടുംബങ്ങൾ കടുത്ത പട്ടിണിയാണ് നേരിടുന്നത്. പച്ചക്കറിയുംപഴങ്ങളും മറ്റും കിട്ടാകനിയായി മാറി. കടുത്ത വിലക്കയറ്റം മൂലം ഭൂരിഭാഗം കുടുംബങ്ങളും വിശപ്പകറ്റുന്നത് റൊട്ടി മാത്രം ഭക്ഷിച്ചാണ്.
ആക്രമണമാരംഭിക്കുന്നതിന് മുന്പ് കിലോക്ക് ഒരു ഡോളർ ഉണ്ടായിരുന്ന പച്ചമുളകിന്റെ വില നിലവിൽ 90 ഡോളറാണ്. ഒരു കിലോ ഉള്ളിക്ക് 70 ഡോളറാണ്. കുടിവെള്ള സംവിധാനങ്ങൾ പാടെ തകർന്നതോടെ കടുത്ത ജലക്ഷാമത്തിലൂടെയാണ് കടന്നു പോകുന്നത്. അഭയാർഥി ക്യാന്പുകളിൽ കഴിയുന്നവർ വലിയ ജല പ്രതിസന്ധിയാണ് നേരിടുന്നത്. കുടിവെള്ളം ശേഖരിക്കുന്നതിന് ഉൾപ്പെടെ വലിയ തിക്കും തിരക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടതെന്ന് ഗസ്സയിൽ നിന്ന് പുറത്തു വരുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, വടക്കൻ ഗസ്സയുൾപ്പെടെയുള്ള മേഖലയിൽ ഇസ്റാഈൽ ആക്രമണം തുടരുകയാണ്. ദേർ അൽ-ബലാഹിൽ കഴിഞ്ഞ ദിവസം കുട്ടികൾക്ക് നേരെ ആക്രമണം ഉണ്ടായതായി റിപോർട്ടുണ്ട്. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കെയാണ് വ്യാപകമായി ആക്രമണങ്ങൾ അരങ്ങേറുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാത്രം ഇരുപതോളം കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായാണ് റിപോർട്ടുകൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 ഫലസ്തീനികൾ കൊല്ലപ്പെടുകയും 71 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴ് മുതൽ നടക്കുന്ന ആക്രമണത്തിൽ 37,266 പേർ കൊല്ലപ്പെടുകയും 85,102 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Latest