Connect with us

From the print

ഗസ്സ കരാർ പ്രാബല്യത്തിൽ; നിലച്ചു, വെടിയൊച്ച

വീടുകളിലേക്ക് മടങ്ങി അഭയാർഥികൾ

Published

|

Last Updated

കൈറോ/ തെൽ അവീവ് | ഗസ്സയിൽ പതിനഞ്ച് മാസം നീണ്ടുനിന്ന അശാന്തിക്ക് താത്കാലിക ആശ്വാസം. ഇസ്‌റാഈൽ- ഹമാസ് വെടിനിർത്തൽ, ബന്ദിമോചന കരാർ നിലവിൽ വന്നു. അവസാനഘട്ടത്തിൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് കരാർ യാഥാർഥ്യമായത്. പ്രാദേശിക സമയം ഇന്നലെ രാവിലെ 8.30ന് വെടിനിർത്തൽ നിലവിൽ വരുമെന്നാണ് സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്വറിന്റെ വിദേശകാര്യ വക്താവ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ആദ്യദിനം മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതു വരെ വെടിനിർത്തൽ ആരംഭിക്കില്ലെന്ന് ഇസ്‌റാഈൽ നിലപാടെടുത്തതോടെയാണ് നടപടികൾ വൈകിയത്.
ഇന്നലെ മോചിപ്പിക്കപ്പെടേണ്ട ബന്ദികളുടെ വിവരങ്ങൾ ഹമാസ് പുറത്തുവിട്ടതിന് ശേഷമാണ് കരാർ നിലവിൽ വന്നത്. കരാർ പ്രാബല്യത്തിൽ വരാൻ വൈകിയ സമയത്തിനിടെ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി ഗസ്സ സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.

ഹമാസിൽ നിന്ന് റെഡ്ക്രോസ്സ് അംഗങ്ങൾ ഏറ്റുവാങ്ങിയ ബന്ദികളെ ഇസ്റാഈൽ സൈന്യത്തിന് കൈമാറി. മോഡൊറോൻ സ്റ്റെൻബ്രച്ചർ (31), റോമി ഗോനെൻ (23), ഇസ്‌റാഈൽ- ബ്രിട്ടീഷ് പൗരത്വമുള്ള എമിലി ദമാരി (28) എന്നിവരെയാണ് മോചിപ്പിച്ചത്. വ്യോമസേനാ ഹെലികോപ്റ്ററിൽ തെൽ അവീവിലെത്തിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതികളെ സ്വീകരിക്കാൻ അമ്മമാരും എത്തിയിരുന്നു. തെൽ അവീവിൽ ഉൾപ്പെടെ ഇസ്റാഈലിലെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു. മൂന്ന് ബന്ദികൾക്ക് പകരം 70 സ്ത്രീകൾ ഉൾപ്പെടെ 90 തടവുകാരെ ഇസ്‌റാഈൽ മോചിപ്പിക്കും. കരാർ പ്രകാരം അടുത്ത 42 ദിവസത്തിനുള്ളിൽ 30 പേരെ കൂടി ഹമാസ് മോചിപ്പിക്കും. ഇതിന് പകരമായി രണ്ടായിരത്തോളം ഫലസ്തീൻ തടവുകാരെ ഇസ്‌റാഈൽ വിട്ടയക്കും.

സൈനിക പിന്മാറ്റം തുടങ്ങി
ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്‌റാഈൽ സൈന്യം ഭാഗികമായി പിന്മാറ്റം തുടങ്ങി. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ അഭയാർഥികളാകേണ്ടിവന്ന ഫലസ്തീൻകാർ ഇതിന് പിന്നാലെ അവരുടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കരാർ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ ആക്രമണത്തിൽ തകർന്നടിഞ്ഞ ജബാലിയ അഭയാർഥി ക്യാമ്പിലേക്ക് ആളുകൾ കൂട്ടത്തോടെ മടങ്ങിയെത്തുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. വടക്കൻ നഗരങ്ങളായ ബെയ്ത് ലാഹിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിലേക്കും ആളുകൾ ഇന്നലെ രാവിലെ മുതൽ തിരിച്ചെത്തിത്തുടങ്ങി.

ട്രക്കുകൾ ഗസ്സയിലേക്ക്
കരാർ നിലവിൽ വന്നതിന് പിന്നാലെ ലോക ഭക്ഷ്യ സംഘടനയുടെ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചതായി യു എൻ അറിയിച്ചു. കരെം ശാലോം, സികിം അതിർത്തി വഴിയാണ് ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചത്. സന്നദ്ധ സംഘടനകളുടെ നാലായിരം ട്രക്കുകൾ അതിർത്തി കടക്കാൻ കാത്തിരിക്കുകയാണെന്ന് യു എൻ ഏജൻസി അറിയിച്ചു.

കൂട്ടരാജി
കരാർ പ്രാബല്യത്തിൽ വന്നതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽ നിന്ന് കൂട്ടരാജി. സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിറിന്റെ നേതൃത്വത്തിലുള്ള ഒട്‌സ്മ യെഹൂദിത് പാർട്ടി അംഗങ്ങളാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഗിവിറിനെ കൂടാതെ പാർട്ടിയിലെ രണ്ട് പേരും മന്ത്രിസ്ഥാനം രാജിവെച്ചു. മൂന്ന് പാർലിമെന്റ് അംഗങ്ങൾ വിവിധ സമിതികളിലെ സ്ഥാനം രാജിവെച്ചിട്ടുണ്ട്. രാജി സഖ്യസർക്കാറിനെ ദുർബലപ്പെടുത്തുമെങ്കിലും സർക്കാർ വീഴില്ല. കൂടുതൽ മന്ത്രിമാർ രാജിഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ട്.
കരാറിന് കഴിഞ്ഞ ദിവസമാണ് ഇസ്റാഈ. മന്ത്രിസഭ അന്തിമ അനുമതി നൽകിയത്.

---- facebook comment plugin here -----

Latest