Connect with us

International

ഗസ്സയിൽ വ്യോമാക്രമണം: അഭയാർഥി ക്യാമ്പിലും ആശുപത്രിയിലും ഇസ്‌റാഈൽ കൂട്ടക്കുരുതി

അഭയാർഥി ക്യാമ്പിലെ ഒമ്പത് പേർ കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ സിറ്റി | ഫലസ്തീനിൽ വീണ്ടും ഇസ്‌റാഈൽ കൂട്ടക്കുരുതി. വെസ്റ്റ് ബാങ്കിൽ ഇസ്‌റാഈൽ സൈന്യം നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ജെനീനിലെ അഭയാർഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. മരിച്ചവരിൽ ഒമ്പത് പേരും അഭയാർഥി ക്യാമ്പിൽ കഴിയുന്നവരാണ്. അൽറാമിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 22കാരനും മരിച്ചു. ശക്തമായ ആക്രമണത്തിൽ 20 പേർക്കെങ്കിലും പരുക്കേറ്റതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.

ആശുപത്രികൾക്കു നേരെയും ഇസ്‌റാഈൽ സേന ആക്രമണം അഴിച്ചുവിട്ടു. ആശുപത്രികൾക്കു നേരെ ഇസ്‌റാഈൽ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചത് ചികിത്സയിൽ കഴിയുന്ന കുട്ടികളടക്കം രോഗികൾക്ക് ശ്വാസതടസ്സത്തിനിടയാക്കി. ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വെസ്റ്റ് ബാങ്കിലെ കൂട്ടക്കുരുതിക്ക് പിന്നാലെ ഗസ്സയിൽ ഇസ്‌റാഈൽ സൈന്യം വ്യോമാക്രമണം നടത്തി. ഇസ്‌റാഈൽ ക്രൂരമായ അതിക്രമം ആരംഭിച്ചിട്ടുണ്ടെന്നും കനത്ത തിരിച്ചടി നൽകണമെന്നും ഫലസ്തീനിലെ സായുധ സംഘങ്ങൾ അറിയിച്ചു. ഫലസ്തീനിൽ നിന്നുള്ള രണ്ട് റോക്കറ്റ് വെടിവെച്ച് വീഴ്ത്തിയതായി ഇസ്‌റാഈൽ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌റാഈൽ വ്യോമാക്രമണം ശക്തമാക്കിയത്.

ന്യായീകരിച്ച് സൈന്യം
സൈന്യത്തിനു നേരെ ആക്രമണം നടത്തിയവരെ നേരിടുക മാത്രമാണ് ചെയ്തതെന്നും മേഖലയിൽ പ്രകോപനം സൃഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് സംഭവത്തെ കുറിച്ച് ഇസ്‌റാഈൽ സൈന്യം ന്യായീകരിക്കുന്നത്. ക്യാമ്പിൽ റെയ്ഡിനെത്തിയ സൈന്യത്തിന് നേരെ കല്ലെറിഞ്ഞും വെടിയുതിർത്തും പ്രകോപിപ്പിച്ചതോടെയാണ് ആക്രമണമെന്ന് ഇസ്‌റാഈൽ ന്യായീകരിക്കുന്നു. മാസങ്ങളായി നടക്കുന്ന സൈനിക റെയ്ഡിൻ്റെ തുടർച്ചയെന്നോണമാണ് ജെനീനിൽ ഇസ്‌റാഈൽ നരനായാട്ട് നടത്തിയത്. ജൂത കുടിയേറ്റത്തിനും ഇസ്‌റാഈൽ സൈന്യത്തിൻ്റെ അതിക്രമത്തിനുമെതിരെ പ്രക്ഷോഭം നടത്തിയവരെ തീവ്രവാദികളായി മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് ജെനീനിലെ റെയ്ഡ്.

Latest