Editors Pick
ഗാസാ ആക്രമണം ഇസ്‌റാഈലിന് എളുപ്പമാകില്ല; അഭിമുഖീകരിക്കേണ്ടി വരിക കടുത്ത വെല്ലുവിളികള്‍
ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ കയറി ആക്രമണത്തിനു തുനിഞ്ഞാല്‍ ഇടുങ്ങിയ തെരുവുകളില്‍ നഗര യുദ്ധമായി അത് പരിമണിക്കുമെന്നതുറപ്പാണ്.

ഗാസ | ഹമാസ് നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയുടെ തുടര്‍ച്ചയായി ഗാസാ മേഖലയില്‍ കരസേനയെ ഉപയോഗിച്ച് കടന്നുകയറാനുള്ള ഒരുക്കത്തിലാണ് ഇസ്‌റാഈല്‍. കരയിലൂടെയുള്ള ആക്രമണത്തിന് തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞതായി സൈന്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനത്തിന് കാക്കുകയാണെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെറ്റ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് ഗാസ. ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 5,500 പേര്‍ എന്ന കണക്കിലാണ് ഇവിടെ ജനങ്ങള്‍ അധിവസിക്കുന്നത്. എന്നാല്‍, ഇസ്‌റാഈലില്‍ ഇത് സ്‌ക്വയര്‍ കിലോമീറ്ററില്‍ 400 പേര്‍ മാത്രമാണ്. ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ കയറി ആക്രമണത്തിനു തുനിഞ്ഞാല്‍ ഇടുങ്ങിയ തെരുവുകളില്‍ നഗര യുദ്ധമായി അത് പരിമണിക്കുമെന്നതുറപ്പാണ്.
എന്നാല്‍, ഗാസയില്‍ പ്രവേശിച്ച് ആക്രമണം നടത്തുകയെന്നത് ഇസ്‌റാഈല്‍ സേനക്ക് അത്ര എളുപ്പമാകില്ല. പ്രധാനമായും അഞ്ച് വെല്ലുവിളികളാണ് മേഖലയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന് അഭിമുഖീകരിക്കേണ്ടി വരിക.
1. ജനസംഖ്യ ഭീമമാണെന്നതിനു പുറമെ, സ്ഥല പരിമിതി കാരണം ഇവിലെ കെട്ടിടങ്ങള്‍ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. തെരുവുകള്‍ ഇടുങ്ങിയതാണ്. അതിനാല്‍ തന്നെ ഇസ്‌റാഈലിന്റെ സായുധ വാഹനങ്ങള്‍ക്കും കാലാള്‍പ്പടക്കും ടാങ്കുകള്‍ക്കും ഗാസയിലൂടെ നീങ്ങുക ദുഷ്‌കരമാകും. മാത്രമല്ല. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുന്നുവെന്നതും ഇസ്‌റാഈല്‍ സൈന്യത്തിന് പ്രതിബന്ധമാകും.
2. കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കാനുള്ള സാധ്യത, ഗാസയില്‍ പ്രവേശിക്കുന്നതിലും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിലും ഹമാസ് ഗ്രൂപ്പിന്റെ കൈവശമുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിലും മറ്റും ഇസ്‌റാഈല്‍ സേനക്ക് പ്രയാസമുണ്ടാക്കുമെന്നത് ഉറപ്പാണ്. ചെറുതും ഇരുണ്ടതുമായ ജനലുകളുള്ള കെട്ടിട നിരകളില്‍ നിന്ന് ഏത് ദിശയിലൂടെയും ഒളിപ്പോര്‍ ആക്രമണമുണ്ടായാക്കേമെന്നതും വെല്ലുവിളിയാണ്.
3. ടാങ്ക് വേധ മിസൈലുകളും റോക്കറ്റില്‍ ഘടിപ്പിച്ചിട്ടുള്ള ഗ്രനേഡുകളും (ആര്‍ പി ജി) മറ്റും ഉപയോഗിച്ച് ചെറിയ ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ വലിയ സൈന്യങ്ങള്‍ക്ക് കനത്ത നാശം വരുത്തുമെന്നതിന് സിറിയ, യുക്രൈന്‍ യുദ്ധങ്ങള്‍ തെളിവാണ്.
4. ഹമാസിന് ശക്തമായ കര-വ്യോമ മിസൈലുകള്‍ (മാന്‍പാഡ്‌സ്) ഉണ്ടെന്നതിനാല്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ചുള്ള ആക്രമണവും ഇസ്‌റാഈലിന് അപകടകരമാകും. സൈന്യത്തെ ഇറക്കുന്നതിനായി ഹെലികോപ്ടറുകള്‍ താഴ്ന്നു പറക്കുമ്പോള്‍ ആര്‍ പി ജി ആക്രമണമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 1993ല്‍ മൊഗദിഷുവിലെ യുദ്ധ കാലത്ത് ജനസാന്ദ്രതയുള്ള സൊമാലിയന്‍ പട്ടണത്തിലൂടെ താഴ്ന്നു പറക്കുകയായിരുന്ന രണ്ട് യു എസ് ഹെലികോപ്ടറുകള്‍ വെടിയേറ്റു തകര്‍ന്നിരുന്നു. ‘കറുത്ത പരുന്തുകളെ വീഴ്ത്തല്‍’ എന്ന പേരിലാണ് ഇത് മാധ്യമ ലോകത്ത് അറിയപ്പെട്ടത്.
5. ഹമാസിനെ നിശ്ശേഷം അവസാനിപ്പിക്കുക ലക്ഷ്യം വച്ച് ഇസ്‌റാഈല്‍ സേന ഗാസയില്‍ പ്രവേശിക്കുമ്പോള്‍ സംഭവിക്കാവുന്ന നാശനഷ്ടങ്ങളും സിവിലിയന്മാര്‍ കൂട്ടക്കൊലക്ക് ഇരയാകുന്നതും മറ്റും അവര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.