From the print
ഗസ്സ: അഭയാർഥി ക്യാമ്പുകൾക്ക് നേരെ ബോംബാക്രമണം; 44 മരണം
ഗസ്സക്കെതിരായ യുദ്ധം ശക്തമാക്കാൻ നെതന്യാഹു ഉത്തരവിട്ടതിന് പിന്നാലെയാണ് സൈന്യം ബോംബാക്രമണങ്ങൾ നടത്തിയത്

ഗസ്സ | ഗസ്സയിൽ അഭയാർഥി ക്യാന്പുകൾക്ക് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ ആക്രമണത്തിൽ 145 പേർക്ക് പരുക്കേറ്റതായി അൽ ജസീറ റിപോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടിയിൽ ഇപ്പോഴും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആംബുലൻസിനും സിവിൽ ഡിഫൻസ് സംഘത്തിനും അവരെ സമീപിക്കാൻ കഴിയുന്നില്ലെന്നും ഗസ്സാ ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഗസ്സാ സിറ്റിയിൽ ഇസ്റാഈൽ നടത്തിയ ബോംബാക്രണത്തിലാണ് ആറ് പേർ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിനടുത്തുള്ള തെക്കൻ പട്ടണമായ അബാസാനിൽ കർഷകർക്ക് നേരെ ഇസ്റാഈൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വഫ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഗസ്സക്കെതിരായ യുദ്ധം ശക്തമാക്കാൻ നെതന്യാഹു ഉത്തരവിട്ടതിന് പിന്നാലെയാണ് സൈന്യം ബോംബാക്രമണങ്ങൾ നടത്തിയത്.
അതേസമയം, ഈ വർഷം ഇസ്റാഈൽ ഏർപ്പെടുത്തിയനിയന്ത്രണങ്ങൾ അങ്ങേയറ്റം കഠിനമായിരുന്നുവെന്ന് ഫലസ്തീൻ പാസ്റ്ററും ബെത്‌ലേഹേമിലെ ദാർ അൽ-കലിമ സർവകലാശാലയുടെ സ്ഥാപകനും പ്രസിഡന്റുമായ മിത്രി റാഹെബ് പറയുന്നു.
ഫലസ്തീൻ ക്രിസ്ത്യാനികൾക്കെതിരെ, പ്രത്യേകിച്ച് പുരോഹിതർക്കെതിരെ ഇസ്റാഈൽ ആക്രണം രൂക്ഷമാക്കുകയാണ്. ഇസ്റാഈലി കുടിയേറ്റക്കാർ ജറുസലേമിനുള്ളിൽ പോലും ക്രിസ്ത്യാനികളെയും പുരോഹിതന്മാരെയും ആക്രമിക്കുന്നത് നിത്യസംഭവമാണ്.
ഈ വർഷം മാത്രം 43 ആക്രമണങ്ങൾ നടന്നു. യേശുവിനെക്കുറിച്ച് നിങ്ങൾ പള്ളിയിൽ വായിക്കുന്ന ആദ്യത്തെ കാര്യങ്ങളിലൊന്ന് അവൻ അറുക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയായിരുന്നു എന്നാണ്. എന്നാൽ, ഇന്ന് ഗസ്സയിൽ ഫലസ്തീൻ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് കാണുന്പോൾ നമ്മുടെ മുഴുവൻ ജനങ്ങളെയും അറുക്കാൻ കൊണ്ടുപോകുന്നതായി കരുതുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജനുവരി അവസാനം മുതൽ ഡസൻ കണക്കിന് ഹെവി മിലിട്ടറി കാർഗോ വിമാനങ്ങൾ ഇസ്റാഈലിൽ എത്തിയിട്ടുണ്ടെന്ന് അൽ ജസീറയുടെ സനദ് ഏജൻസി പുറത്തുവിട്ട റിപോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം യുദ്ധം പുനരാരംഭിച്ചതിനുശേഷം യു എസ് പതിവായി കാർഗോ വിമാനങ്ങളുടെ സർവീസ് നടത്തുന്നുണ്ടെന്നും അവർ പറയുന്നു.