International
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടല്‍: ദോഹയില്‍ ഇസ്‌റാഈല്‍- ഹമാസ് ചര്‍ച്ച തുടരുന്നു
ഈജിപ്ത് നയിക്കുന്ന ഗസ്സ പുനര്‍നിര്‍മാണ പദ്ധതി യു എസ് പ്രത്യേക പ്രതിനിധിക്ക് കൈമാറി

ഗസ്സ | ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള അമേരിക്കയുടെ നിര്‍ദേശത്തില്‍ ഇസ്‌റാഈലും ഹമാസും ചര്‍ച്ചകള്‍ തുടരുന്നു. രണ്ട് മാസത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടാനും പകരം 10 ഇസ്‌റാഈല്‍ തടവുകാരെ മോചിപ്പിക്കാനുമാണ് അമേരിക്കയുടെ നിര്‍ദേശം. വിഷയത്തില്‍ ഖത്വര്‍ തലസ്ഥാനമായ ദോഹയിലാണ് ഇസ്‌റാഈല്‍- ഹമാസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഈജിപ്ത് നയിക്കുന്ന ഗസ്സ പുനര്‍നിര്‍മാണ പദ്ധതി അഞ്ച് അറബ് രാജ്യങ്ങള്‍ ദോഹയില്‍ യു എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് സമര്‍പ്പിച്ചു. ഗസ്സയില്‍ നിന്ന് പലസ്തീനികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം പിന്‍വലിച്ചതിനെ ഹമാസ് സ്വാഗതം ചെയ്തു.
അതിനിടെ, ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം 12ാം ദിനത്തിലേക്ക് കടക്കുകയാണ്. ഭക്ഷണമോ ഇന്ധനമോ മരുന്നോ അകത്തേക്ക് കടത്തിവിടുന്നില്ല. ഇസ്‌റാഈലിന്റെ ആക്രമണത്തില്‍
കുറഞ്ഞത് 48,515 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടെന്നും 1.11,941 പേര്‍ക്ക് പരുക്കേറ്റെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ സര്‍ക്കാര്‍ മാധ്യമ വിഭാഗം മരണസംഖ്യ 61,700 ല്‍ കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്.