Connect with us

From the print

ഗസ്സ വെടിനിര്‍ത്തല്‍; ഇസ്‌റാഈലുമായി നേരിട്ടുള്ള ചര്‍ച്ചക്ക് ഹമാസ്

അന്തിമ ഉടമ്പടിയിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ക്കായി കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഇതുമായി ബന്ധപ്പെട്ട ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍.

Published

|

Last Updated

ഗസ്സ/ കൈറോ | ഗസ്സയില്‍ വെടിനിര്‍ത്തലിന് ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച ഹമാസിന്റെ പ്രതിനിധികള്‍ ഇസ്‌റാഈലുമായുള്ള നേരിട്ടുള്ള ചര്‍ച്ചക്ക് ഈജിപ്തില്‍. ഹമാസ് ഉപമേധാവി ഖലീലുല്‍ ഹയ്യയും സംഘവുമാണ് ഇന്നലെ തലസ്ഥാനമായ കൈറോയിലെത്തിയത്. അന്തിമ ഉടമ്പടിയിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ക്കായി കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഇതുമായി ബന്ധപ്പെട്ട ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.

യു എസ് മേല്‍നോട്ടത്തില്‍ ഖത്വറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ തയ്യാറാക്കിയ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ക്ക് ബദലായി ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിന്മേലാകും പ്രധാനമായും ചര്‍ച്ച. ഇരു നിര്‍ദേശങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമാകാന്‍ ഖത്വര്‍ പ്രതിനിധി സംഘവും ഈജിപ്തിലെത്തുന്നുണ്ട്.

മൂന്ന് ഘട്ടമായുള്ള പ്രശ്‌നപരിഹാര നിര്‍ദേശമാണ് കഴിഞ്ഞ ദിവസം ഹമാസ് മുന്നോട്ടുവെച്ചത്. നാലര മാസം നീളുന്ന വെടിനിര്‍ത്തല്‍ കാലയളവില്‍ 45 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. ആദ്യ 45 ദിവസം സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരുമായ ബന്ദികളെ ഇസ്‌റാഈലിന് കൈമാറും. ഈ ഘട്ടത്തില്‍ ഗസ്സയിലെ ജനവാസ മേഖലകളില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്മാറണം. യുദ്ധത്തിന് അവസാനം കാണാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവെച്ചാല്‍ മാത്രം വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ശേഷിക്കുന്ന ബന്ദികളെ കൈമാറുന്നതും ഇസ്‌റാഈല്‍ സേനയുടെ പൂര്‍ണ പിന്മാറ്റവും ഈ ഘട്ടത്തിലാണ്. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറുന്നതാണ് മൂന്നാം ഘട്ടമായി ഹമാസ് നിര്‍ദേശിക്കുന്നത്.

പ്രത്യക്ഷത്തില്‍ ഹമാസിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുന്ന നിലപാടാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈക്കൊണ്ടിട്ടുള്ളത്. 12 ലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ഥികള്‍ കഴിയുന്ന റഫയില്‍ ആക്രമണത്തിന് തയ്യാറാകാന്‍ സൈന്യത്തിന് നെതന്യാഹു നിര്‍ദേശ നല്‍കുകയും ചെയ്തു. ഇന്നലെ 130ലധികം ഫലസ്തീനികള്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ നാല് മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 27,840 ആയി.

അതിനിടെ, ഗസ്സ സമാധാനത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ക്കെത്തിയ യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങി. ഈജിപ്ത് പ്രസിഡന്റ്അബ്ദുല്‍ ഫത്താഹ് അല്‍ സിസി, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി, പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ജാസിം ആല്‍ താനി, ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധ മന്ത്രിസഭാംഗങ്ങളായ ബെന്നി ഗാന്‍ഡ്‌സ്, ഗഡി ഈസെന്‍കോട്, പ്രതിപക്ഷ നേതാവ് യൈര്‍ ലാപിഡ്, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തി.

 

Latest