Connect with us

International

ഗസ്സയില്‍ കൊല്ലപ്പെട്ടവര്‍ 400 കവിഞ്ഞു; മയ്യിത്തുകള്‍ നിറഞ്ഞ് ആശുപത്രികള്‍

ഉപരോധത്തെ തുടർന്ന് വെള്ളവും ഭക്ഷണവും ലഭിക്കാതെ നരകയാതന

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്‌റാഈല്‍ വ്യോമാക്രമണം പുനരാരംഭിച്ചതിന് പിന്നാലെ ഇന്നലെ രാത്രി ഗസ്സയിലുടനീളം വര്‍ഷിച്ച ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 404 ആയി. ഗസ്സ സിറ്റിയിലും സമീപത്തെ ആശുപത്രികളിലുമെല്ലാം കുട്ടികളുടെയും സ്ത്രീകളുടെയും മയ്യിത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. കുട്ടികളെ നഷ്ടപ്പെട്ട ഉമ്മമാരുടെയും മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങളുടെയും വിലാപങ്ങളാണെങ്ങുമുയരുന്നത്. വ്യോമാക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് ശരിയായ വൈദ്യ ചികിത്സയും ലഭിക്കുന്നില്ല.  600ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപോര്‍ട്ടുകള്‍. പൊടുന്നനെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റവരെ രക്ഷിക്കാനാകാതെ വിറങ്ങലിച്ചിരിക്കുകയാണ് ഗസ്സ ആരോഗ്യ വിഭാഗം. ആക്രമണത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ച സ്ഥിതിയാണ്.

ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും കുട്ടികളായിരുന്നു. ഗസ്സ സിറ്റി, ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനുസ്, റഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ്  വ്യാമാക്രമണമുണ്ടായത്. ഇസ്‌റാഈലിന്റെ കനത്ത ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ നരകയാതന അനുഭവിക്കുന്നവര്‍ക്ക് നേരെയാണ് തീവ്രതയേറിയ ബോംബ് വര്‍ഷവുമുണ്ടായത്.

ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും തീവ്രതയേറിയ ബോംബാക്രമണമാണിത്. ഇസ്റാഈല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്നും സാധാരണക്കാര്‍ക്ക് നേരെ വഞ്ചനാപരമായ ആക്രമണമാണ് നടത്തിയതെന്നും ഹമാസ് പ്രതികരിച്ചു.

വ്യോമാക്രമണം കടുപ്പിക്കുമെന്ന ഇസ്‌റാഈല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റമസാനിന്റെ പുണ്യ നാളുകളിലും ഭീതിയോടെയാണ് ജനം കഴിച്ചുകൂട്ടുന്നത്. ഉപരോധത്തെ തുടര്‍ന്ന് പുറമെ നിന്നുള്ള എല്ലാ മാനുഷിക സഹായവും ഗസ്സയിൽ ആഴ്ചകളായി പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

 

 

---- facebook comment plugin here -----

Latest