Connect with us

articles

ഗസ്സ: അതിജീവനത്തിന്റെ നാല് സഹസ്രാബ്ദങ്ങള്‍

1967 ജൂണ്‍ അഞ്ച് മുതല്‍ 10 വരെ നടന്ന ആറ് ദിന യുദ്ധത്തിലാണ് ഇസ്‌റാഈല്‍ ഗസ്സക്ക് മേല്‍ അധിനിവേശാധികാരം സ്ഥാപിച്ചത്. ഈജിപ്ത്, ജോര്‍ദാന്‍, സിറിയ തുടങ്ങിയ സഖ്യ രാജ്യങ്ങളിലെ ഇരുപതിനായിരം സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് ലക്ഷത്തോളം ഫലസ്തീനികള്‍ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തിരിന്നു ആ യുദ്ധത്തില്‍! ഇതിന് ശേഷമായിരുന്നു ഗസ്സ അന്ന് വരെ കണ്ടിട്ടില്ലാത്ത വിപ്ലവങ്ങളുടെയും രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെയും വേദിയായി മാറിയത്.

Published

|

Last Updated

തകര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ചരിത്രം പറയാനുണ്ട് കഴിഞ്ഞ നാലായിരം വര്‍ഷത്തെ ഗസ്സയുടെ മണ്ണിന്. തുടക്കത്തില്‍ സെമിറ്റിക് സംസ്‌കാരങ്ങള്‍ വെച്ചുപുലര്‍ത്തിയ കന്‍ആനികളുടെ വാസസ്ഥലമായിരുന്നു അവിടം. പിന്നീട് മുന്നൂറ്റമ്പത് വര്‍ഷം പുരാതന ഈജിപ്തുകാര്‍ കൈയടക്കുകയും ഫെലിസ്ത്യരുടെ പ്രധാന നഗരങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു. ബി സി 730ല്‍ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളില്‍ വര്‍ത്തിച്ചിരുന്ന സംസ്‌കാര സമ്പന്നമായ സെമിറ്റിക് ജനവര്‍ഗ സാമ്രാജ്യമായ അസീറിയക്കാരുടെ കീഴിലായി.

ബി സി 320ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഗസ്സ കൈയടക്കി. ഈ കാലയളവില്‍ നടമാടിയ ആക്രമണങ്ങളില്‍ വലിയൊരു വിഭാഗം കൊല്ലപ്പെടുകയും പ്രദേശം ഹെല്ലനിസ്റ്റിക് അഥവാ ഗ്രീക്കോ-മാസിഡോണിയന്‍ സംസ്‌കാരത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്തു. ശേഷം ബദവികള്‍ അഥവാ അയല്‍ രാജ്യങ്ങളിലെ അറബ് ഗോത്രവര്‍ഗങ്ങള്‍ ഗസ്സ പിടിച്ചെടുത്തെങ്കിലും ബി സി 96ല്‍ ഹാസ്‌മോനിയക്കാര്‍ പ്രദേശം ഉപരോധിച്ചു. അവസാനം അക്കാലത്തെ രണ്ട് ഗ്രീക്ക് പിന്‍ഗാമി രാജ്യങ്ങളായ സിറിയയിലെ സെലൂസിഡുകളും ഈജിപ്തിലെ ടോളമികളും മാറിമാറി ഗസ്സക്ക് മേല്‍ അധികാരം സ്ഥാപിച്ചു. ബി സി അവസാനത്തോടെ ജനറല്‍ പോംപി മാഗ്‌നസിലൂടെ ഗസ്സ റോമന്‍ സാമ്രാജ്യത്വത്തിന് കീഴിലായി. ഈ കാലഘട്ടത്തില്‍ പ്രദേശം അതിന്റെ സമൃദ്ധി നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. വിവിധ ചക്രവര്‍ത്തിമാരില്‍ നിന്ന് ഗ്രാന്റുകള്‍ സ്വീകരിച്ചു. ഏകാധിപത്യ കൈയാളലിനു പകരം അഞ്ഞൂറംഗ സെനറ്റായിരുന്നു ഭരണം നടത്തിയിരുന്നത്. എ ഡി 346 – 420 കാലഘട്ടത്തിലാണ് ഗസ്സ പോര്‍ഫിറിയസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമത പരിവര്‍ത്തനത്തിലേക്ക് നീങ്ങിയത്.

എ ഡി 637ല്‍ ഖലീഫ ഉമറിന്റെ കാലത്ത് അംറ് ബിന്‍ ആസിന്റെ പടയോട്ടത്തിലാണ് ഗസ്സ ഇസ്‌ലാമിക സംസ്‌കാരം സ്വീകരിക്കുന്നതും രാജ്യം മുസ്‌ലിം ഭരണത്തിന്‍ കീഴില്‍ വരുന്നതും. എ ഡി 634ല്‍ ബൈസന്റയ്ന്‍ സാമ്രാജ്യത്വത്തിനെതിരെ നടന്ന യുദ്ധത്തില്‍ വിജയം വരിച്ചതോടെയാണ് ഇസ്‌ലാമിക ഭരണത്തിന് തുടക്കം കുറിച്ചത്. അതോടെ ഗസ്സ അടിമുടി മാറ്റങ്ങള്‍ക്ക് വിധേയമായി. ന്യൂന പക്ഷമായ ക്രിസ്ത്യാനികള്‍ ഗസ്സയില്‍ തന്നെ തങ്ങിയെങ്കിലും ശമരിയര്‍ വിഭാഗം നാട് വിട്ടു. പിന്നീട് ഖലീഫമാരുടെ ഭരണത്തിന് ശേഷം അമവികളും അബ്ബാസികളും ഭരണം കൈയാളി. അമവി ഭരണത്തിന്റെ ചെറു കേന്ദ്രമായും അബ്ബാസികളുടെ നിയമ നിര്‍മാണ ശാലയായും ഗസ്സ മാറി.

എ ഡി 868 മുതല്‍ തുര്‍ക്കി പാരമ്പര്യമുള്ള തുലൂനികള്‍ ഗസ്സ കൈയേറിയെങ്കിലും 1,100 ആകുമ്പോഴേക്കും ശിയാ-ഇസ്മാഈല്‍ വിഭാഗമായ ഫാത്വിമി ഭരണാധികാരികളുടെ കീഴിലേക്ക് ഗസ്സയുടെ അധികാരം വന്നു. പിന്നീട് കുരിശു യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ രാജ്യം നേരിട്ടു. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നായകത്വത്തില്‍ രാജ്യം ഇസ്‌ലാമിന്റെ കീഴില്‍ തന്നെ നിലനിന്നു. ശേഷം പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ രാജ്യത്തിന്റെ ഭരണം മംലൂക്കുകളുടെ കൈയിലേക്ക് വരികയും സിനായ് പെനിന്‍സുല മുതല്‍ കയ്‌സേരിയ വരെ വ്യാപിച്ചു കിടക്കുന്ന ഒരു പ്രവിശ്യയുടെ തലസ്ഥാനമായി ഗസ്സ മാറുകയും ചെയ്തു. പതിനാറാം നൂറ്റാണ്ട് ആയപ്പോഴേക്കും ഒട്ടോമന്‍ തുര്‍ക്കികളിലെ റിദ്്വാന്‍ രാജവംശത്തിന്റെ കീഴില്‍ ഗസ്സ അതിന്റെ എക്കാലത്തെയും സുവര്‍ണ കാലത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി.

1903ലും 14ലും വിനാശകരമായ ഭൂകമ്പങ്ങള്‍ ഗസ്സ നേരിട്ടെങ്കിലും അതിജീവനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ പൂര്‍വസ്ഥിതി വീണ്ടെടുത്തു. 1917ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നീണ്ട മൂന്ന് പോരാട്ടങ്ങള്‍ക്ക് ഗസ്സ സാക്ഷ്യം വഹിച്ചു. അതില്‍ ആദ്യ രണ്ടിലും ബ്രിട്ടീഷ് സൈന്യം പരാജയപ്പെട്ടെങ്കിലും സഖ്യ സേനയെ നയിച്ച ജനറല്‍ എഡ്മണ്ട് അലന്‍ബി മൂന്നാം ശ്രമത്തില്‍ ഗസ്സ കീഴടക്കി. അതോടെ ഒട്ടോമന്‍ തുര്‍ക്കികളുടെ ഗസ്സയിലെ ശക്തി ക്ഷയിക്കുകയും ലീഗ് ഓഫ് നാഷൻസ് ബ്രിട്ടനും ഫ്രാന്‍സിനും മുന്‍ ഒട്ടോമന്‍ പ്രദേശങ്ങളുടെ മേല്‍ അര്‍ധ-കൊളോണിയല്‍ അധികാരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഗസ്സ നിര്‍ബന്ധിത ഭരണത്തിന്‍ കീഴിലാകുകയും ചെയ്തു.

ഗസ്സക്ക് മേല്‍ ഇസ്‌റാഈല്‍ അധിനിവേശത്തിന് ഈ യുദ്ധമാണ് വഴിത്തിരിവായതെന്ന് പറയാം. കാരണം ബ്രിട്ടീഷുകാര്‍ക്ക് ഒട്ടോമന്‍ തുര്‍ക്കികള്‍ക്കെതിരെ വിജയം അനിവാര്യമായിരുന്നു. അതിനായി അവര്‍ ഫലസ്തീന്‍ മോഹികളെ പ്രീതിപ്പെടുത്തുന്ന പ്രലോഭനങ്ങള്‍ മുന്നോട്ട് വെച്ചു. ജൂതരാഷ്ട്ര നിര്‍മാണമെന്ന ലക്ഷ്യത്തിന് വേണ്ടി 1898ല്‍ രൂപവത്കരിക്കപ്പെട്ട സയണിസ്റ്റ് പ്രസ്ഥാനക്കാര്‍ക്ക് ഇതൊരവസരമാകുകയും ഇതിനായി തയ്യാറാക്കപ്പെട്ട ബാല്‍ഫര്‍ കരാറില്‍ അവര്‍ ഒപ്പുവെക്കുകയും ചെയ്തു.

1948ല്‍ അറബ്-ഇസ്‌റാഈല്‍ യുദ്ധത്തിന്റെ പര്യവസാനം ഗസ്സയും ചുറ്റുമുള്ള പ്രദേശങ്ങളും ഈജിപ്തിന്റെ നിയന്ത്രണത്തിലായി എന്നതാണ്. ഇവിടം പിന്നീട് ഗസ്സ മുനമ്പ് എന്ന് വിളിക്കപ്പെട്ടു. ആള്‍ ഫലസ്തീന്‍ ഗവണ്‍മെന്റ് എന്ന അധികാര പരിധിയിലായിരുന്നു അത്. അതോടെ ഇസ്‌റാഈല്‍ പിടിച്ചടക്കിയ സമീപ നഗരങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ ഒരു ഒഴുക്ക് തന്നെയായിരുന്നു ഗസ്സയിലേക്ക്.

1956ല്‍ സൂയസ് പ്രതിസന്ധി വന്നപ്പോള്‍ നാല് മാസത്തോളം ഗസ്സ മുനമ്പിലെ ഈജിപ്തിന്റെ അധികാരത്തിന് വിള്ളലേറ്റെങ്കിലും ജമാല്‍ അബ്ദുന്നാസിര്‍ രൂപപ്പെടുത്തിയ രാഷ്ട്രീയ അന്തരീക്ഷം ഗസ്സക്ക് ഗുണം ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ആള്‍ ഫലസ്തീന്‍ ഗവണ്‍മെന്റ് നിര്‍ത്തലാക്കുകയും പകരം ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്ത അറബ് നാഷനല്‍ യൂനിയന്‍ സ്ഥാപിക്കപ്പെടുകയും താമസിയാതെ ഗസ്സ അതിന്റെ ഭാഗമാകുകയും ചെയ്തു. ഇതോടെ ഗസ്സക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഇടം ലഭിച്ചു. ഈ നില 1964ല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപവത്കരണം വരെ തുടരുകയും ചെയ്തു.

1967 ജൂണ്‍ അഞ്ച് മുതല്‍ 10 വരെ നടന്ന ആറ് ദിന യുദ്ധത്തിലാണ് ഇസ്‌റാഈല്‍ ഗസ്സക്ക് മേല്‍ അധിനിവേശാധികാരം സ്ഥാപിച്ചത്. ഈജിപ്ത്, ജോര്‍ദാന്‍, സിറിയ തുടങ്ങിയ സഖ്യ രാജ്യങ്ങളിലെ ഇരുപതിനായിരം സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് ലക്ഷത്തോളം ഫലസ്തീനികള്‍ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തിരിന്നു ആ യുദ്ധത്തില്‍! ഇതിന് ശേഷമായിരുന്നു ഗസ്സ അന്ന് വരെ കണ്ടിട്ടില്ലാത്ത വിപ്ലവങ്ങളുടെയും രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെയും വേദിയായി മാറിയത്.

1987ല്‍ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ നടന്ന ഒന്നാം ഇന്‍തിഫാദ ആറ് വര്‍ഷം നീണ്ടുനിന്നു. ഹമാസ് എന്ന സായുധ സംഘടനയുടെ പിറവിയും ഈ കാലത്തായിരുന്നു. ഒടുക്കം 1993ല്‍ ഓസ്്ലോ ഉടമ്പടി പ്രകാരം രാജ്യം പുതുതായി സ്ഥാപിതമായ ഫലസ്തീന്‍ അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകുകയും ഇസ്‌റാഈലിന് ഗസ്സയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരികയും ചെയ്തു.

2006ല്‍, ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ സായുധ ചെറുത്തു നില്‍പ്പിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഫലസ്തീന്‍ നിയമനിര്‍മാണ സഭാ തിരഞ്ഞെടുപ്പില്‍ ഹമാസിനെ വിജയിപ്പിച്ചു. അതോടെ ഫലസ്തീന്‍ നാഷനല്‍ അതോറിറ്റിയില്‍ നിന്ന് വേറിട്ട് ഭരിക്കുന്ന എതിരാളികളായ ഫത്ഹില്‍ നിന്ന് ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു. ഇത് ഇസ്‌റാഈലിന് തിരിച്ചടിയാകുകയും ഈജിപ്ഷ്യന്‍ പിന്തുണയോടെ ഗസ്സ മുനമ്പില്‍ ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലുകളും ഇസ്‌റാഈലിന്റെ ഒറ്റ തിരിഞ്ഞുള്ള നിരന്തര കടന്നാക്രമണങ്ങളും ഒക്ടോബര്‍ ഏഴിന്റെ ഓപറേഷന്‍ അല്‍അഖ്‌സയിലേക്ക് ഹമാസിനെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു യഥാര്‍ഥത്തില്‍.