From the print
ഗസ്സ വംശഹത്യ: അഞ്ച് ദിവസം; കൊല്ലപ്പെട്ടത് 70 കുട്ടികൾ
ജബാലിയയിൽ സ്‌കൂളിന് നേരെ ആക്രമണം
തെൽ അവീവ് | കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 70 കുട്ടികളെന്ന് ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി. ഇസ്‌റാഈൽ വംശഹത്യ തുടങ്ങിയ ഘട്ടം മുതൽ തുടരുന്ന ശിശുഹത്യ വെടിനിർത്തൽ ചർച്ചകൾക്കിടയിലും അതേ ക്രൗര്യത്തോടെ തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ഇന്നലെ വടക്കൻ ഗസ്സയിലെ ജബാലിയയിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്‌കൂളിന് മേൽ ഇസ്‌റാഈൽ സൈന്യം ബോംബിട്ടു. കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു.
അതിനിടെ, ഖത്വറിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അയച്ചു. ബന്ദികളെ കൈമാറുന്നതിനെ കുറിച്ചും വെടിനിർത്തൽ കരാറിന്റെ ഉള്ളടക്കത്തെ കുറിച്ചും സംസാരിക്കാനായി നിയോഗിച്ച സംഘത്തിൽ ഇസ്‌റാഈൽ ചാര സംഘടനകളായ മൊസ്സാദിന്റെയും ഷിൻ ബെതിന്റെയും ഉന്നത നേതൃത്വമുണ്ടെന്ന് അൽ ജസീറ റിപോർട്ട് ചെയ്തു. അതേസമയം, ദക്ഷിണ ലബനാനിൽ ഇസ്‌റാഈൽ കൂടുതൽ ആക്രമണങ്ങൾ നടത്തി. ഹിസ്ബുല്ലയുമായി വെടിനിർത്തൽ നിലനിൽക്കുമ്പോഴാണ് ഈ ആക്രമണങ്ങൾ. വെടിനിർത്തൽ ചർച്ചയുടെ തീരുമാന പ്രകാരം ലബനീസ് ഔദ്യോഗിക സൈന്യം കൂടുതലിടങ്ങളിൽ നിലയുറപ്പിക്കുന്നുണ്ട്.