Connect with us

International

ഗസ്സ പട്ടിണിയിൽ; മരിച്ചത് 15 കുരുന്നുകൾ

24 മണിക്കൂറിനിടെ 90 ഫലസ്തീനികളാണ് ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

Published

|

Last Updated

ഗസ്സ | ഇസ്‌റാഈൽ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ പട്ടിണിമരണവും വ്യാപിക്കുന്നു. പട്ടിണിയും പോഷകാഹാരക്കുറവും കാരണം 15 കുഞ്ഞുങ്ങളാണ് ഗസ്സ സിറ്റിയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ കുറച്ചുദിവസങ്ങൾക്കിടെ മരിച്ചത്. ഭക്ഷണവും വെള്ളവും വേണ്ടത്ര ലഭിക്കാത്ത സാഹചര്യത്തിൽ ഗസ്സയെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്ന് യുനിസെഫ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പട്ടിണിയെ തുടർന്നുള്ള ശിശുമരണം കൂടുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഖാൻ യൂനുസിലെ അൽ അമൽ ആശുപത്രിയിൽ ഒരാഴ്ച വിതരണം ചെയ്യാനുള്ള ഭക്ഷണം കൂടി മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഫലസ്തീൻ റെഡ്ക്രസന്റ്അതോറിറ്റി അറിയിച്ചു. 42 ദിവസമായി ആശുപത്രി ഇസ്‌റാഈൽ സൈന്യം വളഞ്ഞിരിക്കുകയാണ്. ആശുപത്രി പരിസരത്ത് തുടർച്ചയായി വെടിവെപ്പ് നടക്കുന്നുണ്ട്.

24 മണിക്കൂറിനിടെ 90 ഫലസ്തീനികളാണ് ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലെ ദെയ്‌റുൽ ബലാഹിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ ഇസ്‌റാഈൽ അധിനിവേശത്തിൽ കൊല്ലപ്പെട്ടവർ 30,410 ആയി.

റഫ, ഖാൻ യൂനുസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് ഇസ്‌റാഈൽ ആക്രമണം നടത്തുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 115 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമിട്ടും ആക്രമണം നടത്തിയിരുന്നു.